അമ്മേനിയിൽ ഒരു കൊച്ചു കുട്ടിക്കുണ്ടായ അനുഭവം – ഇനി ആവർത്തിക്കാതിരിക്കട്ടെ


അമ്മേനി ദ്വീപിൽ ഒരു കൊച്ചു കുട്ടിക്കുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നവും തുടർന്ന് നേരിടേണ്ടിവന്ന ചികിത്സാ പ്രതിസന്ധിയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. സമയോചിതമായ ഇടപെടലും മാതാപിതാക്കളുടെ ജാഗ്രതയും കൊണ്ടാണ് കുഞ്ഞ് വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

രാവിലെ എട്ട് മണിയോടെയാണ് കുട്ടി അബദ്ധത്തിൽ മൂക്കിനുള്ളിൽ ചെറിയ ബാറ്ററി ഇടുന്നത്. എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. കുട്ടിയെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലെത്തിച്ച മാതാപിതാക്കൾക്ക് പ്രാഥമിക പരിശോധനയിൽ മൂക്കിനുള്ളിൽ എന്തോ വസ്തു ഉള്ളതായി ഡോക്ടർമാർ കണ്ടെത്തി.

തുടർന്ന് രാവിലെ പത്ത് മണിയോടെ എത്തിയ സീനിയർ ഡോക്ടർ വസ്തു പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. പിന്നീട് എടുത്ത എക്സ്-റേയിൽ ഉള്ളിലിരിക്കുന്നത് കട്ടിയുള്ള ബാറ്ററി പോലെയുള്ള വസ്തുവാണെന്ന് വ്യക്തമായി. സ്ഥിതി അപകടകരമാണെന്ന് മനസ്സിലാക്കിയ ജൂനിയർ ഡോക്ടർ കുട്ടിയെ അടിയന്തിരമായി ഇവാക്വേഷൻ ചെയ്യണമെന്ന് നിർദേശിച്ചതായാണ് കുടുംബം പറയുന്നത്.

എന്നാൽ മെഡിക്കൽ ഇൻചാർജ് സീനിയർ ഡോ. അബ്ദു റഹ്മാൻ ഇതിന് തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഞ്ഞിനെ കൊണ്ട് മൂക്ക് ശക്തമായി ചീറ്റിച്ചാൽ വസ്തു പുറത്തുപോവുമെന്നും ഇത് വലിയ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞതായി മാതാപിതാക്കൾ ആരോപിക്കുന്നു. തൻ്റെ പ്രവൃത്തിപരിചയത്തിൽ ഇത്തരം ഭൂരിഭാഗം കേസുകളും സ്വാഭാവികമായി മാറിപ്പോകാറുണ്ടെന്നും, കവരത്തിയിലേക്ക് ഇവാക്വേഷൻ സാധ്യമല്ലെന്നും അറിയിച്ചതായും കുടുംബം പറയുന്നു. മാത്രമല്ല, വലിയ പ്രശ്നമില്ലാത്തതിനാൽ പെരുന്നാൾ കഴിഞ്ഞ് പോയാൽ മതിയെന്നും, വേണമെങ്കിൽ പിന്നീട് ഷിപ്പ് ടിക്കറ്റ് ഒരുക്കാമെന്നും പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറിയെന്നാണ് ആരോപണം.

എന്നാൽ ഡോക്ടർമാരുടെ ഈ നിലപാട് വിശ്വസിച്ച് കാത്തിരിക്കാനൊരുങ്ങാതിരുന്ന മാതാപിതാക്കൾ സ്വന്തം റിസ്കിൽ ബോട്ട് (Odam) ഏർപ്പെടുത്തി കുഞ്ഞിനെ കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. അതിനിടയിൽ ഷിപ്പ് ടിക്കറ്റും ലഭിച്ചതോടെ ഒരേ ദിവസം തന്നെ കുഞ്ഞിനെ കൊച്ചിയിലെത്തിച്ചു.

കൊച്ചിയിലെ Lakeshore Hospital ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ബാറ്ററി വളരെ ഉള്ളിലേക്ക് നീങ്ങിയതായി കണ്ടെത്തി. തുടർന്ന് അടിയന്തിരമായി കുട്ടിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി അത്യാധുനിക ക്യാമറ സംവിധാനങ്ങളുടെ സഹായത്തോടെ ബാറ്ററി പുറത്തെടുക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറയുന്നതനുസരിച്ച്, വെറും ഒരു ദിവസം കൊണ്ടുതന്നെ ബാറ്ററി മൂക്കിനുള്ളിൽ രാസപ്രവർത്തനം ആരംഭിച്ചിരുന്നു. അതിൽ നിന്നൊഴുകിയ മാരകമായ കെമിക്കലുകൾ മൂലം മൂക്കിനകത്ത് ഗുരുതരമായ ഇൻഫെക്ഷനും ചെറിയ ദ്വാരവും രൂപപ്പെട്ടിരുന്നു. എന്നാൽ സമയത്ത് ചികിത്സ ലഭിച്ചതിനാൽ കൂടുതൽ അപകടം ഒഴിവാക്കാനായതായി ഡോക്ടർമാർ അറിയിച്ചു.

ബാറ്ററി അല്പം കൂടി ഉള്ളിലേക്ക് നീങ്ങിയിരുന്നെങ്കിൽ കുട്ടിയുടെ ശ്വാസകോശത്തെയോ തലച്ചോറിലേക്കുള്ള ഭാഗങ്ങളെയോ ബാധിക്കാനുള്ള സാധ്യത ഉണ്ടായിരുന്നുവെന്നും, ചികിത്സ വൈകിയിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

വൻ സാമ്പത്തിക ചെലവ് വന്നെങ്കിലും കുഞ്ഞ് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാതെ സുരക്ഷിതമായ നിലയിൽ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് കുടുംബം. മനുഷ്യജീവനെ വെച്ച് ഇത്തരം അലംഭാവപരമായ സമീപനങ്ങൾ ആവർത്തിക്കരുതെന്നും, ഒരു ജീവൻ നഷ്ടപ്പെട്ടതിന് ശേഷം സഹതപിച്ചതുകൊണ്ട് കാര്യമില്ലെന്നും കുടുംബം വേദനയോടെ ഓർമ്മിപ്പിക്കുന്നു.

കുട്ടികളുടെ കൈവശം ചെറിയ ബാറ്ററികൾ, നാണയങ്ങൾ തുടങ്ങിയ അപകടകാരിയായ വസ്തുക്കൾ എത്താതിരിക്കാനുള്ള ജാഗ്രത എല്ലാ രക്ഷിതാക്കളും പുലർത്തേണ്ടതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലായി ഈ സംഭവം മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *