– ഇസ്മത്ത് ഹുസൈൻ
യൂണിഫോം ധരിച്ച്, സ്കൂൾ ബാഗ് തോളിലേറ്റി, “ഞങ്ങളുടെ നഴ്സറി പൂട്ടരുതേ…” എന്ന് ആവേശത്തോടെ പറയുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ? സാധാരണയായി സ്കൂളിലേക്കു പോകാൻ മടിക്കുന്ന കുട്ടികൾക്കിടയിൽ ഈ കാഴ്ച അതിശയകരമാണ്. എന്നാൽ ലക്ഷദ്വീപിലെ പല ദ്വീപുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പ്രവർത്തിക്കുന്ന “സി-ക്യൂ” പ്രീ-പ്രൈമറി സ്കൂളുകളിൽ ഇത് പതിവ് കാഴ്ചയാണ്.
കുട്ടിയുടെ മനസ്സിലുള്ള കളിയാടാനുള്ള സ്വാഭാവിക വാസനയെ തിരിച്ചറിഞ്ഞാണ് ഇവിടെ പഠനരീതി ഒരുക്കിയിരിക്കുന്നത്. കളിക്കളങ്ങളും വിളിയാട്ട് പന്തലുകളും പാട്ടുകളും കഥകളും നിറഞ്ഞ അന്തരീക്ഷത്തിൽ കുട്ടികൾ പഠനത്തെ ഒരു ആഘോഷമായി അനുഭവിക്കുന്നു. പഠനം ഭാരമല്ല, സന്തോഷമാണെന്ന് കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്ന വിദ്യാഭ്യാസ രീതിയാണ് സി-ക്യൂ മുന്നോട്ട് വെക്കുന്നത്.
തലച്ചോറിനെ മനസ്സിലാക്കിയ പാഠ്യപദ്ധതി
ഒരു കുഞ്ഞ് വളരുമ്പോൾ അവന്റെ കൈകാലുകൾ മാത്രമല്ല, തലച്ചോറും അതിവേഗം വളരുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഈ മാനസിക-ബൗദ്ധിക വളർച്ചയെ മുൻനിർത്തിയാണ് സി-ക്യൂ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഗഹനമായ വിഷയങ്ങളും കഠിനമായ പഠനരീതികളും ഒഴിവാക്കി, ബുദ്ധിവികാസത്തിന് സഹായകമായ കളികളും കഥകളും ഗാനങ്ങളും പ്രവർത്തനങ്ങളുമാണ് പഠനത്തിന്റെ ആധാരം. കുട്ടികൾ ചിരിക്കുകയും കളിക്കുകയും ചെയ്യുന്നതിനിടയിൽ തന്നെ ഭാഷയും സാമൂഹികബോധവും സൃഷ്ടിപരമായ ചിന്തകളും കൈവരിക്കുന്നു. സ്വന്തം സംസ്കാരത്തെ ഉൾക്കൊണ്ട് പുതിയ കാലഘട്ടത്തെ സ്വീകരിക്കാൻ കുട്ടികളെ തയ്യാറാക്കുന്ന ഒരു വിദ്യാഭ്യാസ ദർശനമാണിത്.
സംസ്കാരത്തെ പാഠപുസ്തകത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം
സി-ക്യൂവിൻ്റെ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് വിഭാഗ തലവൻ എ.കെ. അബ്ദുൽ മജീദ് മാഷ് ഒരിക്കൽ എന്നെ വിളിച്ച് ഒരു പ്രത്യേക ദൗത്യം ഏൽപ്പിച്ചു — ലക്ഷദ്വീപിന്റെ സംസ്കാരവും പരിസ്ഥിതിയും ജീവിതരീതികളും ഉൾക്കൊള്ളുന്ന ഒരു പാഠപുസ്തകം തയ്യാറാക്കണം.
അത് ഒരു സാധാരണ വിദ്യാഭ്യാസ പ്രവർത്തനമല്ലായിരുന്നു; മറിച്ച് ദ്വീപിന്റെ ആത്മാവിനെ കുട്ടികളിലേക്ക് കൈമാറാനുള്ള ശ്രമമായിരുന്നു.
ദ്വീപിനെ അടുത്തറിയുന്ന ഒരു സംഘത്തെ രൂപീകരിച്ച് ഞങ്ങൾ ചേർന്ന് ആലോചിച്ചു. നാട്ടിൻപുറങ്ങളെയും കടലിനെയും മത്സ്യബന്ധന ജീവിതത്തെയും പാരമ്പര്യങ്ങളെയും നാടൻ പാട്ടുകളെയും പ്രകൃതിയെയും ഉൾപ്പെടുത്തി ഒരു പുസ്തകം തയ്യാറാക്കി. “ശരതം” എന്ന പേരിലാണ് ആ പുസ്തകം സി-ക്യൂ മാനേജ്മെന്റിന് കൈമാറിയത്.
ലക്ഷദ്വീപിന്റെ തനിമയെ പാഠപുസ്തകത്തിന്റെ ഭാഗമാക്കാൻ തയ്യാറായ സി-ക്യൂ അധികൃതരുടെ ഈ ദൂരദർശിയായ ചിന്ത എത്ര പ്രശംസിച്ചാലും മതിയാകില്ല.
ദ്വീപിനെ അറിയാതെ വളരുന്ന വിദ്യാർത്ഥികൾ
ഇന്ന് നമ്മുടെ ദ്വീപിലെ വിദ്യാർത്ഥികൾ ദ്വീപിന്റെ മണ്ണിനെയും കടലിനെയും ജീവിതരീതികളെയും പാരമ്പര്യങ്ങളെയും അടുത്തറിയാതെ തന്നെയാണ് വളരുന്നത്. സ്വന്തം നാടിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പോലും ലഭിക്കാതെ വിദ്യാർത്ഥികൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന അവസ്ഥയാണുള്ളത്.
വർഷങ്ങളായി വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപ്പാകാതിരുന്ന ഒരു ആശയമാണ് ഇപ്പോൾ സി-ക്യൂ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത്. ലക്ഷദ്വീപിന്റെ സാമാന്യവിവരങ്ങളും സംസ്കാരവും പരിസ്ഥിതിയും പഠനത്തിന്റെ ഭാഗമാകുമ്പോൾ, കുട്ടികൾക്ക് സ്വന്തം നാടിനോട് കൂടുതൽ ആത്മബന്ധം ഉണ്ടാകും.
അത്തരം വിദ്യാർത്ഥികളാണ് നാളെയുടെ ലക്ഷദ്വീപിന്റെ സാംസ്കാരിക ഭൂപടം മാറ്റിയെഴുതുക. സ്വന്തം മണ്ണിനെ അറിയുന്ന തലമുറകൾ രൂപപ്പെട്ടാൽ, അതാണ് ഒരു സമൂഹത്തിന്റെ യഥാർത്ഥ സാംസ്കാരിക നിർമ്മിതി. സി-ക്യൂ അതിലേക്കുള്ള പ്രതീക്ഷാജനകമായ ഒരു ചുവടുവെയ്പ്പാണ്.
