കണ്ണാടിക്കു മുന്നിലെ ജീവിതം,ഖബറിന്റെ നിശ്ശബ്ദത മറന്ന യുവത്വം

ഒരു നിമിഷം നമുക്ക് ചുറ്റും നോക്കാം…
വീഥികളിലൂടെ നടന്നു പോകുന്ന യുവമുഖങ്ങൾ. വിലകൂടിയ വസ്ത്രങ്ങൾ, പുതിയ ഫാഷനുകൾ, സിനിമാതാരങ്ങളെ അനുസ്മരിപ്പിക്കുന്ന മുടിയിഴകൾ, മണിക്കൂറുകൾ ചെലവഴിച്ച് അലങ്കരിച്ച മുഖങ്ങൾ. എന്നാൽ ആ മുഖങ്ങൾക്കപ്പുറം

ഒരു ചോദ്യം നിശ്ശബ്ദമായി നിൽക്കുന്നു

“ഇവർ ആരെയാണ് സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്?”

ലോകത്തെയോ… അതോ സൃഷ്ടാവിനെയോ?
ഒരുകാലത്ത് യുവത്വം എന്നത് സ്വഭാവത്തിന്റെ സൗന്ദര്യമായിരുന്നു. ഇന്ന് പലപ്പോഴും അത് രൂപത്തിന്റെ പ്രദർശനമായി മാറുന്നു. ഒരാളെ കണ്ടാൽ അവന്റെ വിശ്വാസവും സംസ്കാരവും തിരിച്ചറിയാൻ കഴിയുന്ന കാലം പതുക്കെ പിന്നിലേക്ക് മറയുകയാണ്. അനുകരണത്തിന്റെ കാറ്റ് അത്ര ശക്തമായി വീശുകയാണ്; സ്വന്തം വ്യക്തിത്വം പോലും പലരും നഷ്ടപ്പെടുത്തുന്നു.
കണ്ണാടിക്കു മുന്നിൽ മണിക്കൂറുകൾ ചെലവഴിക്കുന്ന യുവാവേ…
നിന്റെ മുഖത്തെ ഓരോ ചെറിയ കുറവും നീ ശ്രദ്ധിക്കുന്നു. എന്നാൽ നിന്റെ ഹൃദയത്തിൽ വളരുന്ന ആത്മീയ ശൂന്യതയെക്കുറിച്ച് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മുടിയിലെ ഒരു ഇഞ്ച് വ്യത്യാസം പോലും നിന്നെ അസ്വസ്ഥനാക്കുന്നു. എന്നാൽ നിന്റെ ജീവിതം അല്ലാഹുവിൽ നിന്ന് എത്ര ദൂരം അകലുന്നുവെന്ന് നീ അളന്നിട്ടുണ്ടോ?
സത്യം പറയട്ടെ…
ഇന്ന് നീ ധരിക്കുന്ന വസ്ത്രം നാളെ മറ്റൊരാൾ ധരിക്കും. ഇന്ന് നീ അഭിമാനിക്കുന്ന സൗന്ദര്യം നാളെ കാലത്തിന്റെ കൈകളിൽ മങ്ങിപ്പോകും. ഇന്ന് നിന്നെ പ്രശംസിക്കുന്നവർ പോലും ഒരുദിവസം നിന്റെ മരണവാർത്ത കേട്ട് “ഇന്നാലില്ലാഹി…” എന്ന് പറഞ്ഞ് തിരിഞ്ഞുപോകും.
അതിനുശേഷം…
നിനക്കൊപ്പം വരുന്നത് നിന്റെ കണ്ണാടിയോ? നിന്റെ ഫാഷനോ? നിന്റെ ആരാധകരോ?
അല്ല.
നിന്നോടൊപ്പം വരിക നിന്റെ പ്രവൃത്തികളാണ്.
ഒരു വെളുത്ത കഫൻ മാത്രം… ഒരു പിടി മണ്ണ് മാത്രം… അതിനുള്ളിൽ നീയും നിന്റെ ജീവിതവും മാത്രം.
ഈ ലോകത്ത് ഏറ്റവും വലിയ യാഥാർഥ്യം മരണമാണെങ്കിലും, അതാണ് മനുഷ്യൻ ഏറ്റവും കൂടുതൽ മറക്കാൻ ശ്രമിക്കുന്ന സത്യം.
ഖബറുകൾ നിറഞ്ഞുകിടക്കുന്നത് വൃദ്ധന്മാരെക്കൊണ്ടു മാത്രമല്ല. പൂർത്തിയാകാത്ത സ്വപ്നങ്ങളുമായി പോയ യുവാക്കളും അവിടെയുണ്ട്. ഇന്നലെ വരെ ചിരിച്ചവരും സുഹൃത്തുക്കളോടൊപ്പം നടന്നവരും ഭാവിയെക്കുറിച്ച് പദ്ധതികൾ തയ്യാറാക്കിയവരും അവിടെയുണ്ട്.
അവർക്ക് മരണം വരുമെന്ന് അറിയാമായിരുന്നു.
പക്ഷേ അത് ഇത്ര വേഗം വരുമെന്ന് അവർ കരുതിയിരുന്നില്ല.
നമ്മളും അങ്ങനെ തന്നെയല്ലേ?
“ഇനിയും സമയം ഉണ്ട്… ഇനിയും പ്രായമുണ്ട്.പിന്നീട് മാറാം.”
എന്ന് പറഞ്ഞുകൊണ്ടാണ് പലരും ജീവിതം തീർക്കുന്നത്.
യുവത്വമേ…
നിന്റെ സൗന്ദര്യം മുഖത്തല്ല, സ്വഭാവത്തിലാണ് .നിന്റെ മഹത്വം വസ്ത്രത്തിലല്ല, വിശ്വാസത്തിലാണ്. നിന്റെ വില ശരീരത്തിലല്ല, നിന്റെ സൃഷ്ടാവുമായുള്ള ബന്ധത്തിലാണ്.
ലോകം നിന്നെ നോക്കി കൈയടിച്ചാൽ അത് ഏതാനും നിമിഷങ്ങളുടെ സന്തോഷം മാത്രം. പക്ഷേ അല്ലാഹു നിന്നെ നോക്കി പ്രസാദിച്ചാൽ അത് നിത്യവിജയമാണ്.
അതുകൊണ്ട് കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ഒരു നിമിഷം ഖബറിനെയും ഓർക്കുക. മുഖം അലങ്കരിക്കുമ്പോൾ ഹൃദയത്തെയും അലങ്കരിക്കുക. ലോകം കാണുന്ന രൂപത്തേക്കാൾ അല്ലാഹു കാണുന്ന ജീവിതത്തിന് വില നൽകുക.
കാരണം…
ഒരു ദിവസം നിന്റെ മുഖം കണ്ണാടിയിൽ നിന്ന് അപ്രത്യക്ഷമാകും. നിന്റെ പേര് മരണവാർത്തകളിൽ പ്രത്യക്ഷപ്പെടും. നിന്നെ സ്നേഹിച്ചവർ കണ്ണീരോടെ യാത്രയാക്കും.
അപ്പോൾ ബാക്കിയാകുന്നത് ഒരു ചോദ്യം മാത്രം
ജീവിതം എന്ന അമാനത്ത് ഞാൻ എങ്ങനെ ജീവിച്ചു തീർത്തു?
ആ ചോദ്യത്തിനുള്ള ഉത്തരമാണ് നിന്റെ യഥാർത്ഥ സൗന്ദര്യവും നിന്റെ യഥാർത്ഥ വിജയവും.

Abdul Razak Saqafi Kadmat
9447521461

Leave a Reply

Your email address will not be published. Required fields are marked *