സർക്കാർ ആവശ്യങ്ങൾക്ക്  ഭൂമി ഏറ്റെടുക്കൽ: അഗത്തിയിലും കവരത്തിയിലും ഉത്തരവുകൾ ഇറക്കി.

കവരത്തി: ലക്ഷദ്വീപിലെ വിവിധ പൊതു ആവശ്യങ്ങൾക്കായി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കുന്നു. 2013-ലെ RFCTLARR ആക്ട് സെക്ഷൻ 11(1) പ്രകാരം കളക്ടറേറ്റ് (റവന്യൂ വകുപ്പ്) പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിലാണ് (Preliminary Notification) ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അഗത്തി, കവരത്തി ദ്വീപുകളിലായി വിവിധ വികസന പദ്ധതികൾക്ക് എന്നുപറഞ്ഞാണ് ഭൂമി ഏറ്റെടുക്കാൻ ലാൻഡ് അക്വിസിഷൻ കളക്ടർ അവിനാഷ് സിംഗ് വിജ്ഞാപനം ഇറക്കിയത്.


അഗത്തി ദ്വീപിൽ
അഗത്തി വില്ലേജിൽ രണ്ട് പ്രധാന പദ്ധതികൾക്കായിട്ടാണ് ഭൂമി ഏറ്റെടുക്കുന്നത്.
1. അഗത്തി പടിഞ്ഞാറ് ഭാഗം (Western Side): ബീച്ച് ഫ്രണ്ട് സൗകര്യങ്ങളുടെ വികസനത്തിനും (Development of Beach Front Facilities), ബീച്ച് പെരിഫറൽ റോഡ് നിർമ്മാണത്തിനുമായി (Construction of Beach Peripheral Road) 4.2940 ഹെക്ടർ (42,940 ചതുരശ്ര മീറ്റർ) ഭൂമി ഏറ്റെടുക്കും. ഈ ഭാഗത്തുനിന്നായി 1507 തെങ്ങുകൾ, 12 ചീരാണി മരങ്ങൾ, 10 ചബൂക്ക് മരങ്ങൾ എന്നിവയും, 4 പാർപ്പിടങ്ങൾ, 4 കന്നുകാലി തൊഴുത്തുകൾ, 17 ഷെഡുകൾ, 5 ബോട്ട് ഷെഡുകൾ, 12 മാസ്സ് ഫ്രെയിമുകൾ, 2 റിസോർട്ടുകൾ, 2 മസ്ജിദുകൾ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.


2. അഗത്തി കിഴക്ക് ഭാഗം (Eastern Side)ഇതേ ആവശ്യങ്ങൾക്കായി (ബീച്ച് ഫ്രണ്ട് വികസനവും പെരിഫറൽ റോഡ് നിർമ്മാണവും) കിഴക്ക് ഭാഗത്ത് 7.8419 ഹെക്ടർ (78,419 ചതുരശ്ര മീറ്റർ) ഭൂമിയും ഏറ്റെടുക്കാൻ വിജ്ഞാപനമായിട്ടുണ്ട്.
കവരത്തി ദ്വീപിൽ
കവരത്തി വില്ലേജിൽ ലക്ഷദ്വീപ് ഹൗസ്, അനെക്സ് (രാജ് നിവാസ്), ഇവിടങ്ങളിലേക്കുള്ള കണക്റ്റിങ് റോഡ് എന്നിവയുടെ നിർമ്മാണത്തിനായി 0.7665 ഹെക്ടർ (7,665 ചതുരശ്ര മീറ്റർ) ഭൂമിയാണ് ഏറ്റെടുക്കുന്നത്.


ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളോ എതിർപ്പുകളോ ഉള്ള താല്പര്യമുള്ള വ്യക്തികൾക്ക്, ഈ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 60 ദിവസത്തിനകം ലാൻഡ് അക്വിസിഷൻ കളക്ടർക്ക് (Collector LA) രേഖാമൂലം പരാതി സമർപ്പിക്കാവുന്നതാണ്. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ പ്ലാൻ പ്രവൃത്തി ദിവസങ്ങളിൽ അഗത്തിയിലെയും കവരത്തിയിലെയും ഡെപ്യൂട്ടി കളക്ടർ/കളക്ടർ ഓഫീസുകളിൽ പരിശോധനയ്ക്കായി ലഭ്യമാണ്.
വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ കളക്ടറുടെ മുൻകൂർ അനുമതിയില്ലാതെ ഈ ഭൂമികളിൽ യാതൊരുവിധ ക്രയവിക്രയങ്ങളോ (വിൽപന/വാങ്ങൽ) പുതിയ ബാധ്യതകളോ ഉണ്ടാക്കാൻ പാടുള്ളതല്ലെന്നും അധികൃതർ അറിയിച്ചു.