വി.ഐ.പി.മാർക്ക് ഒരു നിയമം, നാട്ടുകാർക്ക് മറ്റൊന്ന്? ലക്ഷദ്വീപിൽ ഇരട്ടനീതി ആരോപണം ശക്തം

അഗത്തി: ലക്ഷദ്വീപിൽ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും നടപ്പാക്കുന്നതിൽ ഇരട്ടനീതി തുടരുന്നതായി നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. സാധാരണ ജനങ്ങൾക്കും പ്രാദേശിക സംരംഭകർക്കും കർശന നിയമങ്ങൾ ചുമത്തുമ്പോൾ, വി.ഐ.പി.മാർക്കും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും പ്രത്യേക ഇളവുകൾ ലഭിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

രണ്ടുദിവസം മുമ്പ്, കല്പിട്ടിയിലേക്ക് സർവീസ് നടത്തുന്ന പ്രാദേശിക ഗ്ലാസ് ബോട്ട് ഓപ്പറേറ്റർമാർക്ക് ആവശ്യമായ അനുമതികളില്ലെന്നാരോപിച്ച് ജില്ലാ കളക്ടർ ഷോക്കോസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് വിപരീതമായി, ബംഗാരം, തിന്നക്കര മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങൾ പ്രാദേശികരുടെ ഭൂമിയും പ്രവേശനാവകാശവും നിയന്ത്രിക്കുന്നുവെന്ന പരാതികൾ നിലനിൽക്കുന്നു. പ്രത്യേകിച്ച് ബംഗാരത്തിലേക്കുള്ള നാട്ടുകാരുടെ പ്രവേശനം പോലും തടയപ്പെടുന്നുവെന്നാണ് ആരോപണം.

ഇതിനിടെ, ബംഗാരത്ത് നടന്ന വാട്ടർ ആക്ടിവിറ്റിക്കിടെ ഒരു വി.ഐ.പി. സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതിരുന്നതായും, അതിലൂടെ സുരക്ഷാ ചട്ടങ്ങൾ തുറന്നുവെച്ച് ലംഘിക്കപ്പെട്ടുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. ജീവൻരക്ഷാ ഉപകരണങ്ങൾ നിർബന്ധമായ സാഹചര്യത്തിലും നിയമങ്ങൾ പാലിക്കാത്തത് വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട മരണത്തെ “വ്യക്തിപരമായ അപകടം” എന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചും, വിഷയം മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.

സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.