കവരത്തി: ലക്ഷദ്വീപിലെ റോഡുകളിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനായി റോഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് കർശനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 2026 മെയ് 13-ന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരം, ദ്വീപിലെ എല്ലാ റോഡുകളിലും വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ദ്വീപ് റോഡുകളിൽ വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്നത് കാൽനടയാത്രക്കാർക്കും, സ്കൂൾ കുട്ടികൾക്കും, മുതിർന്ന പൗരന്മാർക്കും വലിയ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതർ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചത്.
നിശ്ചിത വേഗപരിധി ലംഘിക്കുന്നവർക്കെതിരെ 1988-ലെ മോട്ടോർ വാഹന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പിഴ (ചലാൻ), ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ, വാഹനം പിടിച്ചെടുക്കൽ തുടങ്ങിയ നടപടികൾ നിയമലംഘകർക്കെതിരെ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾ തടയുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ കർശന പരിശോധനയും നിരീക്ഷണവും ശക്തമാക്കാൻ റോഡ് ട്രാൻസ്പോർട്ട് ഡയറക്ടർ മുകുന്ദ് വല്ലഭ് ജോഷി നിർദേശം നൽകിയിട്ടുണ്ട്.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി എല്ലാ വാഹന ഡ്രൈവർമാരും നിർദേശിച്ച വേഗപരിധി കർശനമായി പാലിക്കണമെന്ന് ഭരണകൂടം അഭ്യർത്ഥിച്ചു. നിയമലംഘനങ്ങളെ അതീവ ഗൗരവത്തോടെയായിരിക്കും കാണുകയെന്നും അധികൃതർ വ്യക്തമാക്കി.
