വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ലക്ഷദ്വീപ് സ്വദേശിയുൾപ്പെടെ 7 പേർക്ക് പരിക്ക്

അരൂർ: ദേശീയപാത 66-ൽ അരൂർ പെട്രോൾ പമ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ലക്ഷദ്വീപ് സ്വദേശിയുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ചേർത്തല ഭാഗത്തുനിന്ന് കൊച്ചിയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

മുന്നിലോടിയിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെ വന്ന കാർ അതിൽ ഇടിക്കുകയായിരുന്നു. ഇതോടെ വാഹനങ്ങൾ നിയന്ത്രണം വിട്ട് പരസ്പരം കൂട്ടിയിടിച്ച് രണ്ട് കാറുകളും രണ്ട് ബൈക്കും ഉൾപ്പെടെ  വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

അപകടത്തിൽ പള്ളുരുത്തി സ്വദേശികളായ ഹരികുമാർ (66), ഭാര്യ രത്നകുമാരി (60), ബന്ധുക്കളായ ആനന്ദവല്ലി (61), വിനോദിനി (52) എന്നിവർക്കും ബൈക്കിലുണ്ടായിരുന്ന ലക്ഷദ്വീപ് സ്വദേശി മുസ്തഫ കമാൽ (48), പുന്നത്തുറ സ്വദേശികളായ അഫ്‌സൽ (31), ഭാര്യ റഹിന റാഫി (22) എന്നിവർക്കുമാണ് പരിക്കേറ്റത്.

പരിക്കേറ്റ എല്ലാവരെയും മരട് ഭാഗത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അരൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *