കവരത്തി: ലക്ഷദ്വീപിന്റെ ആസ്ഥാനമായ കവരത്തിയിൽ വൈകുന്നേരങ്ങളിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ അശാസ്ത്രീയമായ നിയന്ത്രണങ്ങൾക്കെതിരെ ജനരോഷം ഇരമ്പുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന ഭരണകൂടത്തിന്റെ തുഗ്ലക് പരിഷ്കാരത്തിനെതിരെ ജനങ്ങൾക്കൊപ്പം തെരുവിലിറങ്ങി ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദ് പ്രതിഷേധത്തിന് നേതൃത്വം നൽകി.
ബീച്ച് റോഡിലും പ്രധാന പാതകളിലും ബാരിക്കേഡുകൾ വെച്ച് ഗതാഗതം തടയാനുള്ള പോലീസിന്റെ നീക്കം എം.പിയുടെ നേതൃത്വത്തിൽ തടഞ്ഞു. ലക്ഷദ്വീപ് പോലീസ് സൂപ്രണ്ട് നേരിട്ട് സ്ഥലത്തെത്തിയെങ്കിലും, ജനവികാരം മാനിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു എം.പിയും നാട്ടുകാരും. തന്ത്രപ്രധാനമായ റോഡുകൾ നാല് മണിക്കൂറോളം അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് എം.പി വ്യക്തമാക്കി.
അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്ന ഭരണകൂടത്തിന്റെ വാശി ജനങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്. എം.പിയുടെ നേരിട്ടുള്ള ഇടപെടലോടെ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകാനാണ് സാധ്യത.
