ലക്ഷദ്വീപ് ഭരണകൂടം 14.03.2026 ന് പുറപ്പെടുവിച്ച ഭൂമിയുടെ ഉപയോഗ തരംമാറ്റ സർട്ടിഫിക്കറ്റുകൾ (Diversion Certificates) സംബന്ധിച്ച ഉത്തരവ് ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും എതിരായ ഗുരുതരമായ നടപടിയായിട്ടാണ് ഒരു പൗരനെന്ന നിലയിൽ നോക്കി കാണാനാവുന്നത്.
സ്വകാര്യവും പണ്ടാരം ഭൂമികളുമായി ബന്ധപ്പെട്ട് ഇതിനകം നിയമാനുസൃതമായി അനുവദിച്ചിട്ടുള്ള എല്ലാ തരംമാറ്റ സർട്ടിഫിക്കറ്റുകളും ഒരൊറ്റ ഉത്തരവിലൂടെ, മുൻകൂട്ടി അറിയിപ്പോ, വ്യക്തിഗത പരിശോധനയോ, നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെയാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. ഇത് വ്യക്തികളുടെ സ്വത്തവകാശത്തെ നേരിട്ട് ബാധിക്കുന്നതും ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങൾക്കു വിരുദ്ധവുമാണ്.
ഇത്തരത്തിലുള്ള ഏകപക്ഷീയമായ തീരുമാനങ്ങൾ ഭരണകൂട ഭീകരതയുടെ ഉദാഹരണമാണ്. ജനങ്ങളുടെ ജീവിതവും ഉപജീവനവും ആശ്രയിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഒരു നിമിഷംകൊണ്ട് നിർത്തിവെക്കുന്നത് സാമൂഹികവും സാമ്പത്തികവുമായ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഭരണകൂട തിരിച്ചറിവായിരിക്കണം ഭരണകൂടത്തെ ഇത്തരമൊരു നീക്കത്തിലേക്ക് എത്തിച്ചത്. ഈ ഉത്തരവ് ദ്വീപിലെ ഓരോ മനുഷ്യരെയും വളരെ ആഴത്തിൽ ബാധിക്കപ്പെടുന്ന വിഷയമാണ്.
ഒരു സംസ്ഥാനത്തിലെ മുഴുവൻ തരംമാറ്റ സർട്ടിഫിക്കറ്റുകളും ഒരേസമയം റദ്ദാക്കുന്ന നടപടി ഇന്ത്യയിൽ ഇതാദ്യമായാണ് നടപ്പിലാക്കുന്നതെന്നാണ് തോന്നുന്നത്. ഇത് ഭരണകൂടത്തിന്റെ അധികാര ദുരുപയോഗത്തിന്റെയും ജനാധിപത്യത്തെയും ഭരണഘടനാ സംവിധാനത്തെയുമെല്ലാം അവഗണിക്കുന്ന സമീപനത്തിന്റെ തെളിവാണ്.
അതുകൊണ്ട്, ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും, ജനങ്ങളുമായി ആലോചിച്ചും നിയമപരമായ രീതികൾ പാലിച്ചും മാത്രം ഇത്തരത്തിലുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊള്ളണമെന്നുമാണ് ഭരണകൂടത്തോട് ശക്തമായി ആവശ്യപ്പെടാനുള്ളത്. ലക്ഷദ്വീപിലെ 60% വരുന്ന ഭൂമിക്ക്മേൽ അവകാശവാദം ഉന്നയിക്കുകയും വിഷയം കോടതി തർക്കങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത അതെ ഭരണകൂടം ഇപ്പോൾ ലക്ഷദ്വീപിലെ മുഴുവൻ ഭൂമിയും തങ്ങളുടേതാണെന്ന അവകാശം സ്ഥാപിക്കാനുള്ള പുതിയ തന്ത്രമാണ് ഭരണകൂടത്തിന്റെ ഈ ഉത്തരവെന്ന് കൃത്യമായി മനസ്സിലാക്കാം. ഈ ഉത്തരവ് ജനങ്ങളുടെ ഭൂമി കയ്യേറി തിണ്ണകരയിലും ബംഗാരത്തും നിർമാണ പ്രവത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് കമ്പനികൾക്ക്കൂടി ബാധകമാകുമോ എന്നതാണ് പ്രധാനമായും നാം നോക്കി കാണേണ്ടത്.
ലോകത്തിലെ പല ഇടങ്ങളിലും വിവിധ കാരണങ്ങളാൽ ദ്വീപുകളിൽ നിന്നും ജനങ്ങളെ കുടിയൊഴിപ്പിച്ചതായി ചരിത്രങ്ങളിൽ നമുക്ക് കാണാനാവും. ഉദാഹരണമായി, Diego Garcia യിൽ 1960–70 കാലഘട്ടത്തിൽ അമേരിക്കയും ബ്രിട്ടനും സൈനിക താവളം സ്ഥാപിക്കാൻ സ്വദേശികളെ ബലമായി പുറത്താക്കിയിട്ടുണ്ട്. Bikini Atoll-ൽ ആണവ ബോംബ് പരീക്ഷണങ്ങൾ നടത്താനായി നാട്ടുകാരെ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാനെന്ന പേരിലും മറ്റു പുരോഗമന പ്രവർത്തനങ്ങൾ നടത്താനെന്ന പേരിലും ജനങ്ങളെ കുടിയൊഴിപ്പിക്കപ്പെടുന്നത് ചരിത്ര സത്യങ്ങളാണ്. ഒരു ദ്വീപുകാരനെന്ന നിലയിൽ ലക്ഷദ്വീപിലും ഇത് ആവർത്തിക്കപ്പെടുമോയെന്ന് പലപ്പോഴും സംശയിക്കപ്പെടാറുണ്ട്.
“രാജ്യം സ്വാതന്ത്ര്യം കൈവരിച്ച് 79 വർഷങ്ങൾ കഴിഞ്ഞിട്ടും ലക്ഷദ്വീപിലെ ജനങ്ങൾക്ക് തങ്ങളുടെ ഭരണാധികാരിയെ സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശമില്ലായ്മയും, രാഷ്ട്രപതി നടത്തുന്ന നിയമനത്തിലൂടെയെത്തുന്ന അഡ്മിനിസ്ട്രേറ്ററെന്ന ഒറ്റയാൾ ഭരണ സംവിധാനവുമാണ് ഇത്തരം ഏകാധിപത്യവും ഭരണഘടനാ വിരുദ്ധവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാന കാരണം.”
ദ്വീപുകളിൽ പൊതുവെ ഇത്തരം ഗൗരവമേറിയ വിഷയങ്ങളിൽ വിഭാഗീയതകൾക്കതീതമായി ചിന്തിക്കുകയും ഐക്യത്തോടെയുള്ള ശക്തമായ പ്രത്യക്ഷ പ്രതിഷേധങ്ങൾ രൂപപ്പെടുകയും ചെയ്യാത്തത് ഭരണകൂടത്തിന് ഇത്തരം ഉത്തരവുകൾ അടിച്ചേൽപ്പിക്കാനുള്ള കൂടുതൽ ധൈര്യം കൈവരിക്കാനാകുന്നു എന്നതാണ് യാഥാർഥ്യം. ഈ അന്യായ ഉത്തരവ് ഉടൻ പിൻവലിക്കാത്ത പക്ഷം ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടത് ഏതൊരു ദ്വീപുകാരന്റെയും അടിസ്ഥാന ആവശ്യം കൂടിയായിരിക്കുകയാണ്.
മഹദാഹുസൈൻ.ടി.ഐ.
