ഹംദുള്ളാ സഈദിന് സ്നേഹപൂർവ്വം. ദ്വീപ് ഡയറിയുടെ തുറന്ന കത്ത്


പ്രിയപ്പെട്ട ഹംദുള്ളാ സഈദിന് ദ്വീപുഡയറി കുറിക്കുന്നത്.

       താങ്കളെ വളരെ പ്രതീക്ഷയോടെയാണ് ദ്വീപു നിവാസികൾ വലിയ ഭൂരിപക്ഷം തന്ന് വിജയിപ്പിച്ചത്. അതുവരെയുണ്ടായ ജീവിത ദുരിതങ്ങൾക്ക് വ്യക്തമായ ഒരു പരിഹാരമു ണ്ടാവുമെന്നായിരുന്നു ദ്വീപുകാരുടെ പ്രതീ ക്ഷ. പക്ഷെ രണ്ടു വർഷം പിന്നിടുമ്പോൾ താങ്കളുടെ പ്രവർത്തനങ്ങൾ ഏറെ നിരാശാ ജനകമായ അവസ്ഥയിലൂടെ കടന്ന് പോവുന്നതാണ് കാണാൻ സാധിക്കുന്നത്. ജയിച്ച ഉടനെ വിവാദ ഭരണാധി കാരിയെ ഷാൾ അണിയിക്കുന്നതാണ് കണ്ടത്. നാടിൻ്റെ നേട്ടത്തിന് വേണ്ടിയുള്ള ഏതെങ്കിലും തന്ത്രപൂർവ്വമായ നീക്ക് പോക്കാവും അതെന്ന് കരുതിയ പലരുമുണ്ടായിരുന്നു. പക്ഷെ ഈ രണ്ട് വർഷത്തിനിടെ ഏതെല്ലാം തരത്തിലുള്ള ദ്വീപു വിരുദ്ധമായ ഉത്തരവുകളാണ് ഇവിടെ പുറത്തിറങ്ങിയത്. അതിനോടെല്ലാം നിസ്സംഗതയോടെയുള്ള സമീപനമാണ് താങ്കൾ സ്വീകരിച്ചത്. എന്ത് ഓർഡർ വന്നാലും അത് താൻ ഏറ്റെടുക്കുമെന്നും വേണ്ടപോലെ നേരിടുമെന്നുമുള്ള ഒരു സോഷ്യൽ മീഡിയാ പോസ്റ്റിനപ്പുറത്തേക്ക് താങ്കളുടെ പ്രവർത്തനം പോയതായി കാണാൻ സാധിച്ചില്ല. രാഹുൽ ഗാന്ധിയെ പോലെയുള്ള ധീരനായ ഒരു നേതാവ്, നിങ്ങളുടെ ജീവിതത്തിനെതിരെ വരുന്ന പ്രതിസന്ധികൾക്ക് കാരണമായ വിഷയങ്ങൾ നിങ്ങൾ പാർലമെൻറിൽ ഉന്നയിക്ക് അപ്പോൾ, അതിനോടൊപ്പം ഞങ്ങൾ ഉണ്ടാവുമെന്ന ഉറപ്പു നൽകീയിട്ടും അത് വേണ്ടവിധം  ഉപയോഗിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടില്ല.

    ലക്ഷദ്വീപിൽ ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായ കാലഘട്ടം ഇതുവരെ ഉണ്ടായിട്ടില്ല. ആ സമയത്ത് രാഷ്ട്രീയമറിയാത്ത, ആർജ്ജവമുള്ള സമര മനസില്ലാത്ത ഒരാളെ ദ്വീപിൻ്റെ നറുകയിൽ കെട്ടി വെച്ച് സമൂഹം മൊത്തം തോറ്റ് , ആത്മവിശ്വാസം നഷ്ടപ്പെട്ട് നിൽക്കുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിന് കാരണക്കാർ ഇവിടത്തെ കോൺഗ്രസ്കാർ തന്നെയല്ലേ. അതിൻ്റെ കൃത്യമായ ഉത്തരവാദി കോൺഗ്രസ്സ് പ്രസിഡൻ്റായി നിൽക്കുന്ന താങ്കൾ തന്നെയല്ലേ.  ദ്വീപിനെതിരെ എന്തൊക്കെ ഉത്തരവുകൾ ഇറക്കി ഉപദ്രവിച്ചാലും ശക്തമായി ഇടപ്പെടുന്നു എന്ന പ്രസ്താവനക്കപ്പുറം മറ്റൊരു നീക്കവും നടക്കുന്നില്ല. സ്വകാര്യ വ്യക്തികളുടെ ഇടപെടലുകൾ മൂലം കോടതി നടപടികൾ നടക്കുന്നുണ്ടാവാം. ജനകീയമായ സമരങ്ങ ളിലൂടെ പാർട്ടിയേയും സമൂഹത്തേയും ഉണർത്തിക്കൊണ്ട് വരേണ്ട നേതാവിന് ഉറങ്ങിയാലും ഉറങ്ങിയാലും ഉറക്കച്ചടവ് മാറുന്നില്ല എന്ന അവസ്ഥയല്ലേ കാണേണ്ടി വരുന്നത്. തളർന്ന് നിൽക്കുന്ന ജനസമൂഹത്തിന് ആത്മവിശ്വാസത്തിൻ്റെ സ്നേഹ കരുതൽ നൽകേണ്ട അവസരത്തിൽ എറണാകുള ത്തിലും ഡൽഹിയിലുമായി ഉറങ്ങി കളിക്കുകയാണ് താങ്കൾ.


        കഴിഞ്ഞ പത്ത് വർഷത്തെ പിടിപ്പ് കേടും പൊളിറ്റിക്കൽ നോമിനിയെ കൊണ്ടു വന്നതും പറഞ്ഞ് ഒരു മൂലക്ക് ചടഞ്ഞ് കൂടിയിരുന്നത് കൊണ്ട് കാര്യമുണ്ടോ? ഉണ്ടായ പ്രതിസന്ധിയെ മറി കടക്കാനുള്ള നിങ്ങളുടെ കൈയ്യിലുള്ള പരിഹാരമെന്താണ് എന്നതാണ് ഓരോ ദ്വീപുകാരനും ചോദിക്കുന്ന ചോദ്യം. അന്തമായ രാഷ്ട്രീയം മാത്രം കൈമുതലായുള്ള , മുന്നെ പോയവൻ ചൊല്ലിയത് അങ്ങനത്തന്നെ അങ്ങനത്തന്നെ എന്ന് വിളിക്കാൻ മാത്രമറിയുന്ന ,കുറേ അണികൾ പിന്നിലുള്ളത്കൊണ്ട് നിങ്ങൾ എന്ത് മണ്ടത്തരം ചെയ്താലും അതിനെ ന്യായീകരിക്കാൻ അവർ തയ്യാറാവും. എന്നാൽ നമ്മുടെ ദ്വീപുകളെ കോർപ്പറേറ്റുകൾക്ക് പതിച്ച് കൊടുത്ത്, അവരുടെ ലാഭം മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന ഭരണകൂട ഭീകരതകൾക്ക് ഒരു ജനപ്രതിനിധി പുറത്ത് കേൾക്കാത്ത ഒച്ചയിട്ട് അഭിരമിക്കുന്ന താങ്കളുടെ ഈ നയപരിപാടികൾ ഒരിക്കലും അംഗീകരിക്കാനാവുന്നില്ല.


        ലക്ഷദ്വീപിൽ ആകെയുണ്ടായിരുന്ന നാമമാത്ര ജനാധിപത്യ സംവിധാനമായ പഞ്ചായത്തി രാജ് ഇല്ലാതായിട്ട് വർഷം അഞ്ച് കഴിയുന്നു. അത് പുന:സ്ഥാപിക്കാനോ ദ്വീപിൻ്റെ ജനാധിപത്യപരമായ ഒരു ചെറിയ ചെറുത്ത് നിൽപ്പെങ്കിലും നടത്താനൊ താങ്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നീക്കം നടന്നിട്ടുണ്ടോ.
        പാർലിമെൻ്റിൽ പ്രതിസന്ധി ഘട്ടത്തിൽ ദ്വീപിലുണ്ടായ എല്ലാ കാര്യങ്ങളും താങ്കൾ അവതരിപ്പിച്ചു എന്നാണ് താങ്കളുടെ അണികളുടെ അവകാശവാദം. എന്നാൽ ഒഴുക്കൻ മട്ടിലുള്ള ആ പ്രസംഗത്തിലെവിടെയും ആ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാരനായ പട്ടേലിൻ്റെ പേര് പരാമർശിച്ചതായി കണ്ടില്ല. എം.പിയായാൽ പാർട്ടി പ്രസിഡൻ്റ് മറ്റൊരാൾക്ക് നൽകി പാർട്ടിയെ പുനരുജീവിപ്പിക്കും എന്ന പ്രതീക്ഷയും അസ്ഥാനത്തായിരുന്നു.


        പാർലിമെൻ്റിൽ ഘോര ഘോരം നടത്തുന്ന പ്രസംഗങ്ങളോ സോഷ്യൽ മീഡിയാ പ്രസ്ഥാവനകളോ അല്ല ദ്വീപുകാർക്ക് വേണ്ടത്. ഓരോ ഡിപ്പാർട്ട്മെൻ്റുകളിലും ലാപ്സായി പോകുന്ന പോസ്റ്റുകളെ പിടിച്ച് നിർത്തലാണ്. സമയാ സമയങ്ങളിൽ വരേണ്ട പുതിയ കപ്പലുകളുടെ സാങ്ങ്ക്ഷനുളാണ്. കുടിയെടുത്ത് താമസിക്കാനും കൃഷി ചെയ്യാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും കടലിലിറങ്ങി മീൻ പിടിക്കാനുമുള്ള സ്വാതന്ത്ര്യമാണ് , അവകാശമാണ്. ഭയപ്പാടിൽ നിൽക്കുന്ന ജനതക്ക് മുന്നിൽ നേതാവിൻ്റെ ഉൾക്കരുത്തുമായി നിന്ന് നേതൃത്വം നൽകാൻ കഴിയുന്നില്ലെങ്കിൽ സ്ഥാനമൊഴിഞ്ഞ് കരുത്തരായവർക്ക് അവസരം നൽകണമെന്നാണ് ദ്വീപു ഡയറിക്ക് സ്നേഹപൂർവ്വം പറയാനുള്ളത്.