കൊച്ചി സ്കാനിംഗ് സെന്ററിൽ ലക്ഷദ്വീപ് യാത്രക്കാരുടെ മാന്യതയും സുരക്ഷയും ഉറപ്പാക്കണം – ലോക ജനശക്തി യുവജന വിഭാഗം

കൊച്ചി: ലോക് ജനശക്തി പാർട്ടി (റാംവിലാസ്) യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പള്ളത്ത് ഹുസൈൻ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) കമാണ്ടന്റിനും കൊച്ചിൻ പോർട്ട് ട്രസ്റ്റ് അധികാരികൾക്കും നിവേദനം നൽകി.
കൊച്ചി സ്കാനിംഗ് സെന്ററുകളിൽ ലക്ഷദ്വീപ് യാത്രക്കാർ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളും മാന്യതാഭംഗവും സംബന്ധിച്ച് ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് നിവാസികൾക്ക് കപ്പൽ സർവീസ് ഒരു സാധാരണ ഗതാഗത മാർഗമല്ല, മറിച്ച് കരയുമായി ബന്ധപ്പെടാനുള്ള ജീവധാരയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ചികിത്സയും മറ്റ് അത്യാവശ്യ ആവശ്യങ്ങളും നിറവേറ്റുന്നതിനായി നിരവധി രോഗികളും മുതിർന്നവരും സ്ത്രീകളും കുട്ടികളും വലിയ ബുദ്ധിമുട്ടുകൾ സഹിച്ചാണ് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.


എന്നാൽ മടങ്ങിയെത്തുമ്പോൾ സ്കാനിംഗ് സെന്ററുകളിൽ നടക്കുന്ന ചില പരിശോധനകൾ യാത്രക്കാരിൽ മാനസിക ബുദ്ധിമുട്ടും അപമാനബോധവും ഉണ്ടാക്കുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്ന് നിവേദനം ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ ബാഗുകൾ പൊതുജനങ്ങളുടെ മുന്നിൽ തുറന്ന് പരിശോധിക്കുന്നത്, രോഗികളെയും മുതിർന്നവരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത്, പരിശോധനയുടെ പേരിൽ മാനസികമായി സമ്മർദ്ദം സൃഷ്ടിക്കുന്ന രീതികൾ എന്നിവ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തി.
സുരക്ഷാ പരിശോധനകളുടെ ആവശ്യകതയെ അംഗീകരിക്കുന്നുവെന്നും, സുരക്ഷയുടെ പേരിൽ യാത്രക്കാരുടെ മാന്യതയും സ്വകാര്യതയും ലംഘിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ മറ്റ് പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധനകൾ മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് നടത്തുന്ന മാതൃക ഇവിടെ കൂടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
LJP യുവജന വിഭാഗം മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ:
1.രോഗികളും മുതിർന്നവരും പ്രത്യേക പരിഗണനയോടെ കൈകാര്യം ചെയ്യുക
2.സ്ത്രീകളുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കുക
3.മാന്യതയും സൗഹൃദപരവുമായ പരിശോധനാ നടപടികൾ ഉറപ്പാക്കുക
4.യാത്രക്കാർക്ക് അനാവശ്യമായ മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുക
ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെട്ട് കർശന നിർദ്ദേശങ്ങളും ആവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, പ്രശ്നങ്ങൾ തുടർന്നാൽ നിയമപരവും ജനാധിപത്യപരവുമായ രീതിയിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടി ദേശീയ നേതാക്കളായ ചിരാഗ് പാസ്വാൻ, പ്രണബ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനങ്ങളുടെ അവകാശങ്ങൾക്കായി ശക്തമായ ഇടപെടൽ തുടരുമെന്നും LJP യുവജന വിഭാഗം അറിയിച്ചു.