കിൽത്താൻ – മംഗലാപുരം മാസത്തിൽ രണ്ട് വെസ്സൽ സർവീസ് എങ്കിലുംഅനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ്

കവരത്തി: കിൽത്താനിൽ നിന്നും മംഗലാപുരത്തേക്ക് മാസത്തിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും എച്ച്.എസ്.സി (HSC) വെസ്സൽ സർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി രംഗത്തെത്തി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് സിയാദ് ബി.പി ഇത് സംബന്ധിച്ച് പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ ഡയറക്ടർക്ക് നിവേദനം നൽകി.


കഴിഞ്ഞ വർഷം വലിയ ജനകീയ പങ്കാളിത്തത്തോടെ ദ്വീപ് നിവാസികൾ നേരിട്ടിറങ്ങി ചാൽ (Channel) വൃത്തിയാക്കുകയും വെസ്സൽ കിൽത്താൻ ജെട്ടിയിലേക്ക് അടുപ്പിക്കുകയും ചെയ്തിരുന്നു. മംഗലാപുരം പോർട്ടുമായി ഏറ്റവും അടുത്തുകിടക്കുന്ന ദ്വീപുകളിലൊന്നായിട്ടും കിൽത്താനോട് കാണിക്കുന്ന ഈ വിവേചനം അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു. സർവീസ് ആരംഭിക്കുന്നതിനെ തടസ്സപ്പെടുത്താൻ ചില തൽപ്പരകക്ഷികൾ പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന ശക്തമായ സംശയമാണ് ഇപ്പോൾ ഉയരുന്നത്.
അടിയന്തര ചികിത്സയ്ക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി കിൽത്താൻ ദ്വീപുകാരും, തൊട്ടടുത്ത, അമിനി, കടമം, ചെത്ത്ലത്ത്, ബിത്ര ദ്വീപുകാർ അടക്കം മംഗലാപുരത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് ആളുകളാണ് കൃത്യമായ യാത്രാസൗകര്യമില്ലാതെ വലയുന്നത്.

നേരിട്ടുള്ള സർവീസ് ഇല്ലാത്തത് മത്സ്യത്തൊഴിലാളികളെയും വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ജനങ്ങളുടെ ദീർഘകാലത്തെയും ന്യായവുമായ ഈ ആവശ്യം മനഃപൂർവ്വം വൈകിപ്പിക്കുന്നത് ദ്വീപ് നിവാസികളോടുള്ള വെല്ലുവിളിയാണെന്ന് മുഹമ്മദ് സിയാദ് ബി.പി കുറ്റപ്പെടുത്തി.
മാസത്തിൽ രണ്ട് തവണയെങ്കിലും സ്ഥിരമായ സർവീസ് ഉറപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ദ്വീപിന്റെ തെരുവുകളിലേക്ക് പടരും. മെഡിക്കൽ എമർജൻസികൾക്കും ദ്വീപിന്റെ സാമ്പത്തിക ഉന്നമനത്തിനും അത്യന്താപേക്ഷിതമായ ഈ ആവശ്യം അടിയന്തരമായി നടപ്പിലാക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.
അധികൃതർ ഇനിയും കണ്ണടച്ചാൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം.