എസ്എസ്എൽസി മാർച്ച് 5 മുതൽ; ലക്ഷദ്വീപിൽ ഇത്തവണ 386 വിദ്യാർത്ഥികൾ

എസ്എസ്എൽസി പരീക്ഷ മാർച്ച് 5 നും പ്ലസ് ടു പരീക്ഷ മാർച്ച് 6 നും ആരംഭിക്കുമെന്ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പ്രഖ്യാപിക്കുമെന്നും പ്ലസ് ടു ഫലം മെയ് 22ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും കേന്ദ്രങ്ങളോടൊപ്പം ലക്ഷദ്വീപിലെ ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷകൾ നടക്കും. ലക്ഷദ്വീപിൽ നിന്നായി 386 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

ഏകദേശം 26,000 അധ്യാപകർ ഇൻവിജിലേഷൻ ഡ്യൂട്ടിയിൽ പങ്കെടുക്കും. ഏപ്രിൽ 7 മുതൽ 28 വരെ 72 മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകൾ പരിശോധിക്കും. മെയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

ഹയർ സെക്കൻഡറി പരീക്ഷകൾ

പ്ലസ് വൺ ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 5 നും പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 നും ആരംഭിക്കും.
പ്ലസ് വൺ പരീക്ഷയ്ക്ക് 4,11,025 വിദ്യാർത്ഥികളും പ്ലസ് ടു പരീക്ഷയ്ക്ക് 4,52,437 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്ലസ് വൺ–പ്ലസ് ടു പരീക്ഷകൾക്കായി കേരളത്തിൽ 1,966 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും മാഹിയിൽ രണ്ട് കേന്ദ്രങ്ങളുമുണ്ട്. ഏകദേശം 29,000 അധ്യാപകർ പരീക്ഷാ ഡ്യൂട്ടിയിൽ ഏർപ്പെടും. ഏപ്രിൽ 6 മുതൽ 89 മൂല്യനിർണ്ണയ ക്യാമ്പുകളിലായി മൂല്യനിർണ്ണയം നടക്കും. ഫലം മെയ് 22ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

വിഎച്ച്എസ്ഇ പരീക്ഷകൾ

പ്ലസ് വൺ വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് 26,829 വിദ്യാർത്ഥികളും പ്ലസ് ടു വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് 26,826 വിദ്യാർത്ഥികളും പങ്കെടുക്കും. 389 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. 3,700 പേരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കും. ഏപ്രിൽ 6 മുതൽ എട്ട് കേന്ദ്രങ്ങളിലായി മൂല്യനിർണ്ണയം നടക്കും.

ചോദ്യപേപ്പറുകൾ സുരക്ഷിതമായി

പരീക്ഷാ ചോദ്യപേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിച്ച ശേഷം ബാങ്കുകളുടെയും ട്രഷറികളുടെയും സേഫ് ലോക്കറുകളിലേക്ക് മാറ്റിയതായി മന്ത്രി അറിയിച്ചു.

പ്ലസ് വൺ പ്രവേശനം

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസം മുതൽ 2026–27 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. മൂന്ന് അലോട്ട്‌മെന്റ് റൗണ്ടുകളിലൂടെയാണ് ഭൂരിഭാഗം സീറ്റുകളും നികത്തുക. സപ്ലിമെന്ററി അലോട്ട്‌മെന്റിനായും അപേക്ഷകൾ ക്ഷണിക്കും.

എസ്എസ്എൽസി വിജയിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിനുള്ള അവസരം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.