ലക്ഷദ്വീപ്: വഖഫിൽ എന്തിന് മൗനം പാലിക്കുന്നു..?


കെ.ബാഹിർ


കഴിഞ്ഞ മാസം (മാർച്ച് ) മൂന്നാം തിയ്യതി ലോകസഭ പാസാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു 2024 പാർലമെൻറിൽ കൊണ്ടുവന്ന ബിൽ ,യുണൈറ്റഡ് വഖഫ് മാനേജ്മെൻ്റ് എംപവർമെൻ്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെൻ്റ് ആക്ട് എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു.
പാർലമെൻ്റിനു മുന്നിൽ വന്ന ബിൽ അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷാംഗങ്ങളുടെ ശക്തമായ എതൃപ്പിനെത്തുടർന്ന് ജോയിൻ്റ് പാർലമെൻ്റ് കമ്മിറ്റിക്കു വിടുകയുണ്ടായി.എന്നാൽ ജോയിൻ്റ് പാർലമെൻ്റ് കമ്മിറ്റി അഥവാ JPC യിലെ പ്രതിപക്ഷാംഗങ്ങൾ നൽകിയ എല്ലാ നിർദ്ദേശങ്ങളും നിഷ്ക്കരണം നിരാകരിച്ചു കൊണ്ടാണ് തീരുമാനമെടുത്തത്.തുടർന്നാണ് മാർച്ച് മൂന്നിന് ലോക സഭ പൊടുന്നനെ ബിൽ ചർച്ചക്കെടുക്കുന്നത്. പ്രതിപക്ഷത്തിരിക്കുന്ന ഇന്ത്യാ മുന്നണി അംഗങ്ങൾ ഒന്നടങ്കം ശക്തമായിത്തന്നെ ബില്ലിനെ എതിർത്ത് സംസാരിക്കുകയും വോട്ടു ചെയ്യുകയും ചെയ്തു. ഭരണപക്ഷം അവരുടെ ഭൂരിപക്ഷം കൊണ്ട് ബിൽ പാസാക്കിയെടുത്തു. പിറ്റെ ദിവസം തന്നെ രാജ്യസഭയും ബിൽ പാസാക്കി. തൊട്ടടുത്ത ദിവസം തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു ബിൽ അംഗീകരിച്ചു. ഏപ്രിൽ എട്ടാം തിയ്യതി തന്നെ നിയമം പ്രാബല്യത്തിൽ വന്നു.
ഈ നിയമമനുസരിച്ച് ,

  • 1923 ലെ മുസൽമാൻ വഖഫ് നിയമം റദ്ദാക്കുകയും 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യുകയും ചെയ്തു.
  • കേന്ദ്ര വഖഫ് കൗൺസിൽ ,സംസ്ഥാന വഖഫ് ബോർഡുകൾ എന്നിവയിൽ രണ്ട് മുസ്ലിം സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകപ്പെടും.
  • വിവിധ മുസ്ലിം വിഭാഗങ്ങൾക്ക് (സുന്നി ,മുജാഹിദ്, ജമാ അത്തെ ഇസ്ലാമി, ഷിയ, etc.) പ്രാതിനിധ്യം നൽകപ്പെടും.
  • വഖഫ് സ്വത്തിന് എന്തെങ്കിലും പരാതി ഉണ്ടാകുന്നതോടെ ആ സ്വത്ത് വഖഫ് അല്ലാതായിത്തീരും.
  • ഇസ്ലാം മതം സ്വീകരിച്ച് 5 വർഷം പൂർത്തീകരിച്ച ഒരാൾക്കെ വഖഫ് ചെയ്യാൻ അധികാരമുള്ളൂ.
  • വഖഫ് ബോർഡുകളിൽ മുസ്ലിംകൾ അല്ലാവരേയും ഉൾപ്പെടുത്തും.
  • വഖഫ് ട്രിബൂണലുകൾ എടുക്കുന്ന തീരുമാനങ്ങളെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാം.

തർക്കത്തിലിരിക്കുന്ന വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ ജില്ലാ കലക്ടർമാർക്ക് അധികാരം നൽകുന്നു. വഖഫ് ബോർഡുകളിൽ നിക്ഷിപ്തമായിരുന്ന അധികാരമാണ് ഇത് മൂലം എടുത്തു മാറ്റപ്പെടുന്നത്.

മറ്റുള്ളവർ കയ്യേറിയ വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുവാനുള്ള വഖഫ് ബോർഡിൻ്റെ അധികാരത്തെ ഗുരുതരമായിത്തന്നെ തടസ്സപ്പെടുത്തുന്നു.
ഇങ്ങനെ വഖഫ് സ്വത്തിനു മേലുള്ള സർക്കാറിൻ്റെ മേധാവിത്തവും താല്പര്യവും അടിച്ചേൽപ്പിച്ചു കൊണ്ടാണ് പുതിയ നിയമം വന്നിരിക്കുന്നത്.
പ്രതിപക്ഷ നിരയിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ന്യൂനപക്ഷ- മത-സാമൂഹ്യ സംഘടനകളും എല്ലാം തന്നെ പുതിയ നിയമത്തിനെതിരെയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഡി.എം.കെ.തുടങ്ങിയ പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ ഈ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും എല്ലാം തന്നെ ദേശവ്യാപകമായ പ്രതിഷേധങ്ങളും സമരങ്ങളും റാലികളും സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കോഴിക്കോട് കടപ്പുറത്ത് വലിയ ബഹുജന റാലിയാണ് മുസ്ലിം ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെല്ലാം ജനങ്ങൾ വഖഫ് നിയമത്തിനെതിരെയുള്ള പോരാട്ടമുഖത്ത് നിലയുറപ്പിക്കുമ്പോൾ നൂറ് ശതമാനവും മുസ്ലീംകൾ അധിവസിക്കുന്ന ലക്ഷദ്വീപ് മാത്രം ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന മട്ടിൽ ജീവിക്കുന്നു. എന്താണിതിൽ നിന്നും മനസ്സിലാക്കേണ്ടത്.ലക്ഷദ്വീപിൻ്റെ പ്രതിനിധി ഹംദുല്ലാ സഈദു് സുപ്രീം കോടതിയിൽ വഖഫ് നിയമത്തിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നു എന്ന ഒരു വാർത്ത മാത്രമാണ് ലക്ഷദ്വീപിൽ നിന്നുണ്ടായിട്ടുള്ള ഏക പ്രതികരണം.


ഈ നിയമം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ ഇവിടെ ഉണ്ടാക്കും എന്ന കാര്യം തിരിച്ചറിയാത്തവരാണോ ഇവിടത്തെ രാഷ്ട്രീയ നേതൃത്വം!? ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ല എന്ന നിലപാടാണോ ഇവിടത്തെ മത സംഘടനാ നേതാക്കൻമാർക്കും ഖാളിമാർക്കും ഉള്ളത്.!?
അതോ എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടായാലും സാരമില്ല വഖഫ് ഭൂമികളെല്ലാം പോയാലും സാരമില്ല എന്ന നിലപാടാണോ ഈ മൗനത്തിനും നിസ്സംഗത ക്കും പിന്നിൽ?

Share to

Leave a Reply

Your email address will not be published. Required fields are marked *