സർഫ്രാസ് തെക്കിളഇല്ലം
നമ്മുടെ ജീവിതത്തെ ഒരുപാട് ഉസ്താദ്മാർ സ്വാധീനിച്ചിട്ടുണ്ടാവാം. ചിലരുടെ വാക്കുകൾ മരണം വരെ നിലനിൽക്കും. ആ പണ്ഡിത ഗണത്തിലാണ് ഉസ്താദ് ശമ്മോൻ ഫൈസി (ന:മ ).
ഖാസി സിറാജ് കോയ മുസ്‌ലിയാർ (ക്വാപ്പാ ) അവർകളുടെ മരണത്തെ തുടർന്ന് ഖാസി സ്ഥാനം ഏറ്റെടുത്ത ഉസ്താദ് ഏറെകാലം ആ പദവിയിലിരുന്ന വ്യക്തിയായിരുന്നു.
ചെറുപ്പം മുതലേ ഉസ്താദ് പറയുന്ന വാക്കുകൾ വളരെ ശ്രദ്ധയോടെ കേൾക്കുന്ന ഒരാളായിരുന്നു ഞാൻ. ഓരോ സന്ദർഭത്തിനനുസരിച്ചു പറയുന്ന വാക്കുകൾ നമ്മുടെ ഹൃദയത്തിൽ പതിയുമായിരുന്നു. അതിനു കാരണം മറ്റാരും പറയുന്ന ശൈലിയല്ലായിരുന്നു ഉസ്താദിന്റെത്. വളരെ ചുരുങ്ങിയ സമയം പ്രസംഗിച്ചാലും അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.
രാത്രി കാലങ്ങളിൽ എവിടെ പ്രസംഗിച്ചാലും അത് 11 മണിക്കപ്പുറം പോവില്ല . കാരണം സുബഹി നിസ്കാരം താൻ കാരണം ആർക്കും ഖളാഅ’ ആകാൻ പാടില്ല എന്ന കാർക്കശ്യം ഉസ്താദിനുണ്ടായിരുന്നു.
നീള ജുബ്ബയും തലേക്കെട്ടും കെട്ടി തന്റെ വസതിയിൽ നിന്ന് പള്ളിയിലേക്ക് പലപ്പോഴും വരാറുള്ളത് ഇടവഴിലൂടെ യായിരുന്നു. അതിന് കാരണം മറ്റുള്ളവർക്ക് താനൊരു തടസ്സം വരാതിരിക്കാനായിരിക്കും എന്നെനിക്ക് തോന്നി. ഉസ്താദിൻറെ മുന്നിലൂടെയോ മറികടന്നോ ആരും ബൈക്കിലോ സൈക്കളിലോ പോകാൻ ധൈര്യപ്പെട്ടിരുന്നില്ല. അതെ, കിൽത്താനിലെ ഓരോ മൺ തരിപൊലും ഉസ്താദിനെ ബഹുമാനിച്ചിട്ടുഉണ്ടാവണം. ഉസ്താദ് പ്രസംഗിക്കുമ്പോൾ കൂടുതലും ദ്വീപിന്റെ ചരിത്രം കൂടി പരാമർശിക്കും. അത് എനിക്ക് കൂടുതൽ ആവേശം പകർന്നിരുന്നു. പല പ്രസംഗങ്ങളും ഞാൻ മൊബൈലിൽ റിക്കൊഡ് ചെയ്തു വീണ്ടും കേൾക്കുമായിരുന്നു. ഉസ്താദ് തന്റെ പല പ്രസംഗങ്ങളിലും പറഞ്ഞ കിൽത്തനിലെ നാല് അഹ്മദ്മാരുടെ ചരിത്രം ഏറെ ആവേശം കൊള്ളിച്ചിരുന്നു.
ഉസ്താദിന് ക്വിസ്സ് നോട് ഏറെ താല്പര്യമായിരുന്നു. മിക്ക ചോദ്യങ്ങളും തന്റെ പ്രസംഗത്തെ അടിസ്ഥാനക്കിയായിരുന്നു ചോദിച്ചിരുന്നത്. അത്രെമേൽ വിജ്ഞാന പ്രദമായിരുന്നു ആ പ്രസംഗങ്ങൾ.
ഹിദായത്തുൽ ഇസ്ലാം മദ്രസ്സ പുറത്തിറക്കിയ ഇൽമുൽ ഹിദായ എന്ന ക്വിസ്സ് പുസ്‌തകം എന്റെ കൈയ്യിൽ 20 വർഷങ്ങൾക്ക് മുമ്പ് കിട്ടിയപ്പോൾ അതിലെ ചോദ്യോത്തരങ്ങൾ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. അത് ഉസ്താദിന്റെ പ്രസംഗത്തെ അടിസ്ഥാനമാക്കിയായി രുന്നു തയ്യാറാക്കിയത്. അതുവരെ ആരും പറഞ്ഞു കേൾക്കാത്ത വസ്തുതകൾ ഉൾക്കൊള്ളുന്നതായി രുന്നു അത്. അതിന്റെ കോപ്പി ഇന്നും ഒരു നിധിപോലെ ഞാൻ എന്റെ അലമാരയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ പുസ്തകം വായിച്ചതിലൂടെയാണ് എനിക്ക് ക്വിസ്സിനോട് ആഗ്രഹം തുടങ്ങിയത്. പിന്നെ ഞാൻ നാട്ടിൽ വരുമ്പോൾ മദ്രസയിൽ മിക്കവാറും ക്വിസ്സ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഉസ്താദ് നേരിട്ട് ഒരുപാട് ക്വിസ് മത്സരങ്ങൾ നടത്തിയിട്ടുണ്ട്. ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം അതിൽ പങ്കെടുത്തിരുന്നു. പക്ഷെ ഉസ്താദ് ചോദ്യം ചോദിക്കുമ്പോൾ അമ്പരപ്പോടെ അത് പാസ്സ് ചെയ്യേണ്ടി വന്നു. കാരണം, ചോദ്യങ്ങൾ അടിപൊളി. പക്ഷെ ഉത്തരമറിയില്ല. ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ചരിത്രവും മസ്അലകളും അന്നായിരുന്നു ആദ്യമായി കേട്ടത്. പല കാര്യങ്ങളും നേരിൽ കേട്ട് മനസ്സിലാക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നു. പക്ഷെ ഉസ്താദിന്റെ മുമ്പിൽ ചെന്ന് ചോദിക്കാനുള്ളത്ര ധൈര്യം ഇല്ലായിരുന്നു.
അത് കാരണം പല സുവർണ്ണാവസരങ്ങളും നഷ്ടമായി. ഇനി ഖേദിച്ചിട്ട് കാര്യമില്ലല്ലോ.
തന്നെ സമീപിക്കുന്ന എല്ലാവരോടും ചിരിക്കുന്ന മുഖവുമായിട്ടാണ് ഉസ്താദ് പെരുമാറിയത്. ബദർ പള്ളിയുടെ ആദ്യ ഘട്ടം പണി പൂർത്തിയായപ്പോൾ പ്രസംഗിക്കാൻ ഉസ്താദിനെ ക്ഷണിക്കാൻ സഹീർ തങ്ങൾ എന്നെയിരുന്നു പറഞ്ഞു വിട്ടത്. ഉസ്താദ് സന്തോഷപൂർവ്വം ക്ഷണം സ്വീകരിച്ചു. അന്ന് പള്ളിയിൽ വന്ന് പ്രസംഗിച്ചത് ബദ് രീങ്കളുടെ പോരിശയും ബദർ പള്ളിയുടെ ആരും പറഞ്ഞ് കേൾക്കാത്ത ചരിത്രവുമായിരുന്നു.
വിശുദ്ധ റമളാൻ എത്തിയാൽ ഉസ്താദദിൻറെ പ്രസംഗം വേറെ ലെവൽ ആകും. ആ പുണ്യ മാസത്തിൻറെ പോരിശ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞിരുന്നു. പള്ളിയിൽ ഇഅ’ ത്തിക്കാഫ് ഇരിക്കേണ്ടതും തറാവീഹ് നിസ്‌ക്കരിക്കേണ്ട രീതിയും ലൈലത്തുൽ ഖദിർ ദിവസങ്ങളിൽ ഇബാദത്ത് എടുക്കേണ്ട സൂക്ഷ്മതയും മാറ്റരിൽ നിന്ന് കേൾക്കാത്ത ശൈലിലൂടെയാണ് ഉസ്താദിൽ നിന്ന് ഞാൻ ശ്രവിച്ചത്.
വെറും ഉപദേശം മാത്രമായിരുന്നില്ല അവിടുന്ന്. അതേ പോലെ നമുക്ക് പ്രവർത്തിച്ചു കാണിച്ചു തന്നു.
ഉസ്താദിന്റെ പ്രസംഗത്തിൽ ആവേശം മൂത്ത് മുമ്പ് ഞാൻ റമളാനിൽ അവസാനത്തെ പത്തിൽ ജുമാത്ത് പള്ളിയിൽ ഇഅ’ത്തിക്കാഫ് ഇരിക്കാൻ സുഹൃത്ത് ബദറിനോടൊപ്പം പോകുമായിരുന്നു. അന്ന് പാതി രാത്രിയിൽ എല്ലാ ദിവസവും മുടങ്ങാതെ ഉസ്താദ് നിസ്‌കരിക്കുന്നതും ഇബാദത്തെടുക്കുന്നതും കാണുമായിരുന്നു. ഞങ്ങൾ അത്താഴo കഴിക്കാൻ പോകുമ്പോൾ ഉസ്താദിനെ അതേ ഇരിപ്പിൽ തന്നെ കാണുമായിരുന്നു. ഉസ്താദിന്റെ ഹജ്ജ് ക്‌ളാസും വേറിട്ട് നിന്നു. ഹജ്ജ് ക്ലാസ്സിൽ സൂക്ഷ്മത പാലിക്കേണ്ട കാര്യങ്ങളാണ് കൂടുതലും പറഞ്ഞിരുന്നത്. അറഫയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞ സമയത്ത് ദുആയിക്ക് ഇജാബത്തുള്ള സൂര്യൻ അസ്തമിക്കുന്നതിന് തൊട്ട് മുമ്പുള്ള സമയം കരുതലോടെ ദുആ ചെയ്യണമെന്ന് പ്രത്യേകം ഓർമ്മ പ്പെടുത്തിയിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ, ഉസ്താദ് പറഞ്ഞ വാക്കുകൾ മുഖവിലക്കെടുക്കാതെ നമ്മുടെ പലരും അതിന് മുമ്പേ അവിടന്ന് യാത്രക്കുള്ള തയ്യാറെടുപ്പ് നടത്തുന്നതായി എനിക്ക് ഹജ്ജ് യാത്രയിൽ കാണാനിടയായി.
എന്റെ കാരണവർ ജാഫർ സാദിഖ് ഫൈസി ഉസ്താദിൻറെ നേതൃത്വത്തിൽ പുറത്ത് പള്ളിയിൽ നടക്കുന്ന ഹിസ്ബ് ഓത്തിന്റെ സമാപനത്തിൽ കിൽത്താൻ ഹാഫിളീങ്കളുടെ ഒരു ഓത്ത് ചടങ്ങ് റമളാൻ അവസാനത്തിൽ നടക്കാറുണ്ട്. അതിൽ ഉസ്താദ് കഴിഞ്ഞ കുറേ വർഷങ്ങളായി മുടങ്ങാതെ പങ്കെടുക്കാറുയുണ്ടായിരുന്നു. റമളാനിൽ അവസാന പത്തിന് മുന്നോടിയായുള്ള പ്രസംഗത്തിൽ ബദർ ശുഹദാക്കളുടെ ചരിത്രം വരെ ആവേശത്തോടെയായിരുന്നു പറഞ്ഞിരുന്നത്. നബി (സ) യും സംഘവും ബദറിൽ എത്തിയതും യുദ്ധം ചെയ്തതും പറയുമ്പോൾ ആ വാക്കുകൾ പലപ്പോഴും ഇടറുന്നത് കേൾക്കാമായിരുന്നു. മദീനയെ കുറിച്ച് പറയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഉസ്താദിന്. മദീനയിലെ ജന്നത്തുൽ ബഖീഅ’ അവിടന്ന് ഏറെ ഇഷ്‌ടം വെച്ച സ്ഥലമായിരുന്നു. മദീനയിൽ മരിക്കാൻ കഴിയുന്ന ഭാഗ്യവാന്മാരെ പറ്റി പലപ്പോഴും പറയുമായിരുന്നു. കഴിഞ്ഞതിന്റെ മുമ്പത്തെ റമളാനിൽ ആ കാര്യം ഊന്നി ഊന്നി പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
കഴിഞ്ഞ ശഅബാൻ മാസത്തിലായിരുന്നല്ലോ ഉസ്താദ് അവസാനമായി ഉംറക്ക് പോയത്. പോകുമ്പോൾ തന്നെ ഉസ്താദിന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നാണ് പിന്നീട് എന്റെ ബാപ്പയിൽ നിന്ന് അറിയാൻ സാധിച്ചത്. മക്കത്ത് വെച്ച് തന്നെ ആരോഗ്യം മോശമായി തുടഞ്ഞിയിരുന്നു. പക്ഷെ അവിടുത്തെ ആഗ്രഹം പോലെ മദീനയിൽ എത്തി. ആ പുണ്യ മണ്ണിൽ എത്തിയപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടി വന്നു. എന്റെ അനുജനും ഉസ്താദിൻറെ മരുമകനുമായ കുർഷിദിലൂടെയാണ് ഉസ്താദിന്റെ രോഗത്തിൻറെ ഗൗരവം ഞാൻ അന്ന് അറിഞ്ഞത്. അപ്പോൾ തന്നെ എന്റെ മനസ്സിൽ ഉസ്താദ് അവസാനം പ്രസംഗിച്ച കാര്യം ഓർമ്മവന്നു.
അവസാനം ഉസ്താദ് ആഗ്രച്ചത്പോലെ പുണ്യ മദീനയിൽ പരിശുദ്ധ റമളാനിൽ ബദർ ദിനത്തിൽ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി. മുത്ത് നബി (സ)ചാരത്ത്, ആരും കൊതിച്ചുപോകുന്ന ആ പുണ്യ മണ്ണിൽ ആയിരക്കണക്കിന് സ്വഹാബാക്കളോടൊപ്പം അന്ത്യ വിശ്രമം.
കുർഷിദ് വിളിച്ച് മരണ വിവരം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ നാടിനെ കുറിച്ചുള്ള ചിന്തയായിരുന്നു. (അന്ന് ഞാൻ ചെത്ത്ലത്തിൽ വർക്ക് ചെയ്യുന്നു).
ജുമഅത്ത് പള്ളിയിൽ ഇനി ആ ശബ്ദം മുഴങ്ങില്ല.
ആ ഉപദേശം എന്നെന്നേക്കുമായി നിലച്ചിരിക്കുന്നു.
പെരുന്നാൾ ദിവസം ബലിയ ഇല്ലം വീട്ടിൽ നിന്ന് ഇനി സ്വീകരിച്ച് കൊണ്ട് പോകാൻ ഉസ്താദ് ഉണ്ടാവില്ല.
പെരുന്നാൾ ഖുതുബ ഓതാനും പരിഭാഷ പറയാനും ഇനി ഉസ്താദ് ഉണ്ടാവില്ല.
പുണ്യ റബീഉൽ അവ്വലിൽ മദ്രസയിൽ പതാകയുയർത്താനും പ്രസംഗിക്കാനും ഇനി ഉസ്താദ് ഉണ്ടാവില്ല.
പരിശുദ്ധ ഹജ്ജ് കർമ്മത്തിന് യാത്രയയക്കുമ്പോൾ നേതൃത്വം നൽകി ദുആ ചെയ്യാൻ ഇനി ഉസ്താദ് ഉണ്ടാവില്ല.
ആ നേതൃത്വത്തിന് പകരം വെക്കാൻ ചെറിയ പൊന്നാനിയിൽ ഇനി ആരാണ് ഉള്ളത്?
അള്ളാഹു അവിടത്തെ ബർസഖി ജീവിതം സന്തോഷത്തിലാക്കിയത് പോലെ അവരോടൊപ്പം നമ്മളേയും അവന്റെ ജന്നാത്തുൽ നഈമിൽ ഒരുമിച്ച് കൂട്ടട്ടെ… ആമീൻ.
The remenesence of Sarfras TI about Shamone Ustad (n.m)has been inspiring. It throws light into the life and thoughts of Ustad, a true believer of Islam ,who had been a model to all, especially the youth of Lakshadweep