കവരത്തി: ലക്ഷദ്വീപിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (IMD) 2026 ഒക്ടോബർ 10-ന് പുറപ്പെടുവിച്ച കാലാവസ്ഥാ ബുള്ളറ്റിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ 11 വരെ ലക്ഷദ്വീപിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഇടിമുഴക്കം കേൾക്കുകയോ മിന്നൽ കാണുകയോ ചെയ്താൽ ഉടൻ വീടിനുള്ളിലേക്ക് മാറണം. വാതിലുകളും ജനലുകളും അടച്ചിടുകയും ഭിത്തികളിലും തറയിലും സ്പർശിക്കുന്നത് ഒഴിവാക്കുകയും വേണം. വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാനും സാധ്യമെങ്കിൽ അവയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും നിർദേശമുണ്ട്.
ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലും കെട്ടിടങ്ങളുടെ മേൽക്കൂരകളിലും നിൽക്കരുത്. മരങ്ങൾക്കു താഴെ അഭയം തേടുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
മത്സ്യബന്ധനം, നീന്തൽ, ബോട്ടിങ് തുടങ്ങിയവ ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണം. ആകാശത്ത് കറുത്ത മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ മത്സ്യബന്ധനവും ബോട്ടിങ് പ്രവർത്തനങ്ങളും നിർത്തി ഉടൻ അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്നും അധികൃതർ നിർദേശിച്ചു.
ലക്ഷദ്വീപ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജഗദീഷ് ശർമ (DANICS) ആണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. മുന്നറിയിപ്പ് പൊതുജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കുന്നതിനായി എല്ലാ ഡെപ്യൂട്ടി കളക്ടർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും ആകാശവാണി കവരത്തിക്കും നിർദേശം നൽകിയിട്ടുണ്ട്.
