കവരത്തി: ലക്ഷദ്വീപിൽ വിവിധ ദ്വീപുകളിലായി നടപ്പാക്കിയ വികസന പദ്ധതികൾ നാടിന് സമർപ്പിക്കുന്നതിനും കേന്ദ്രഭരണ പ്രദേശത്തെ സമ്പൂർണ സാക്ഷരത കൈവരിച്ച പ്രദേശമായി പ്രഖ്യാപിക്കുന്നതിനുമായി വിപുലമായ ചടങ്ങ് നാളെ (ഒക്ടോബർ 11) നടക്കും. കവരത്തി സെക്രട്ടേറിയറ്റിലെ സെൻട്രൽ കോർട്ടിയാർഡിൽ നടക്കുന്ന ചടങ്ങിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പദ്ധതികളുടെ ഡിജിറ്റൽ ഉദ്ഘാടനം നിർവഹിക്കും.
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കിൽത്താൻ, മിനിക്കോയ്, കവരത്തി, ചെത്ലാത്ത്, അമിനി ദ്വീപുകളിൽ പുതുതായി നിർമിച്ച നന്ദ് ഘറുകൾ ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ കിൽത്താൻ, കടമത്ത്, ചെത്ലാത്ത് ദ്വീപുകളിൽ സ്ഥാപിച്ച പെട്രോൾ, ഓയിൽ, ലൂബ്രിക്കന്റ്സ് (POL) ഔട്ട്ലെറ്റുകളും ആന്ത്രോത്ത് ദ്വീപിലെ സോളാർ പ്ലാന്റും ഇതോടൊപ്പം നാടിന് സമർപ്പിക്കും.
കേന്ദ്ര സർക്കാരിന്റെ എ.ഡി.ഐ.പി (ADIP), ആർ.വി.വൈ (RVY) പദ്ധതികളുടെ ഭാഗമായി ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ആവശ്യമായ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതും പരിപാടിയുടെ ഭാഗമാണ്.
ചടങ്ങിലെ പ്രധാന പ്രഖ്യാപനം ലക്ഷദ്വീപ് 100 ശതമാനം സാക്ഷരത കൈവരിച്ച കേന്ദ്രഭരണ പ്രദേശമാണെന്ന ഔദ്യോഗിക പ്രഖ്യാപനമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
കവരത്തിയിലെ പ്രധാന വേദിയെയും വിവിധ ദ്വീപുകളിലെ പരിപാടി കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുള്ള ദ്വിമുഖ വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെയാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ തത്സമയ സംപ്രേഷണത്തിനും സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ദേശീയ വിവരവിജ്ഞാന കേന്ദ്രം (NIC), ഐ.ടി വകുപ്പ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്.
ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾക്ക് ഭരണകൂടം ചുമതലകൾ കൈമാറിയിട്ടുണ്ട്. വേദിയുടെയും ഇരിപ്പിടങ്ങളുടെയും ക്രമീകരണം, സുരക്ഷ, തടസ്സമില്ലാത്ത വൈദ്യുതി വിതരണം, സാങ്കേതിക സംവിധാനങ്ങളുടെ പരിശോധന എന്നിവയ്ക്കുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിവരികയാണ്.
വികസന പദ്ധതികളുടെ ഉദ്ഘാടനത്തോടൊപ്പം സമ്പൂർണ സാക്ഷരതാ പ്രഖ്യാപനവും നടക്കുന്നതോടെ ലക്ഷദ്വീപിന് നാളത്തെ ദിവസം ശ്രദ്ധേയമാകും.
