എ.ഐ.സി.സി. നിരീക്ഷകന് മുമ്പിൽ ഹംദുള്ളയ്ക്കെതിരെ പരാതിയുടെ കെട്ടഴിച്ച് കോൺഗ്രസ്സ് പ്രവർത്തകർ

അഗത്തി: കോൺഗ്രസ്സ് പാർട്ടി സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദ്വീപ് സന്ദർശിച്ച ആൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി നിരീക്ഷകൻ ശ്രീ. മാത്യു ആൻ്റണിക്കു മുമ്പിൽ എൽ.ടി.സി.സി. പ്രസിഡൻ്റും എം.പി.യുമായ ഹംദുള്ള സഈദിനെതിരെ പരാതിയുടെ കെട്ടഴിക്കുകയായിരുന്നു പാർട്ടി പ്രവർത്തകർ.

പുകയുന്ന അഗ്നിപർവ്വതത്തിനു സമാനമായി മാറിയ ലക്ഷദ്വീപിൽ നാൾക്കുനാൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ മൗനം പാലിക്കുന്ന എം.പിയുടെ മേൽ പാർട്ടി പ്രവർത്തകർക്കുള്ള രോഷം വെളിവാക്കുന്നതായിരുന്നു അവരുടെ പരാതികളും പരിഭവങ്ങളും. വിളിച്ചാൽ ഫോണെടുക്കാത്തതും, നിശ്ചലവും നിർവീര്യവുമായ പാർട്ടി പ്രവർത്തനവും, ജനദ്രോഹ നടപടികൾക്കെതിരെ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാത്തതും എല്ലാം പരാതികളിൽ ഉൾപ്പെട്ടിരുന്നു.

ഇൻ്റർനെറ്റ് യുഗത്തിൽ സമൂഹ മാധ്യമങ്ങളിൽ എം.പിയുടെ സാന്നിധ്യം വട്ടപ്പൂജ്യമായതും, എം.പിക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും മുമ്പിൽ പാർട്ടി പ്രവർത്തകർ ഉത്തരം മുട്ടി നിൽക്കുന്ന ലജ്ജാകരമായ അവസ്ഥയും എല്ലാം പ്രവർത്തകർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എം.പിയുടെ ഓഡിയോ ക്ലിപ്പുകൾ പാർട്ടിക്കുണ്ടാക്കുന്ന ലജ്ജയും പരിക്കുമാണ് ചിലർ ചൂണ്ടിക്കാട്ടിയത്.

ലക്ഷദ്വീപ് ജനത കുടിയിറക്കിൻ്റെ വക്കിൽ എത്തി നിൽക്കുമ്പോൾ പോലും ‘ഞാനൊന്നുമറിഞ്ഞില്ലേ നമ നാരായണാ’ എന്നത് പോലെ നടക്കുന്ന ഹംദുള്ളയ്ക്കെതിരെ നടപടി എടുക്കണമെന്നും എൽ.ടി.സി.സി. പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റണമെന്നും ചിലർ ആവശ്യപ്പെട്ടതായിട്ടാണ് വാർത്ത.

അഗത്തി, അമിനി, കടമത്ത്, കിൽത്താൻ, ചെത്ത്ലാത്ത്, ബിത്ര ദ്വീപുകൾ ഉൾക്കൊള്ളുന്ന നോർത്തേൺ ഡി.സി.സി. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരുടെ ഹിതം അറിയാൻ വേണ്ടിയാണ് മുംബൈയിൽ സെറ്റിൽ ചെയ്ത മാത്യു ആൻ്റണി എന്ന മലയാളി നിരീക്ഷകനായി എത്തിയത്. നോർത്ത് ഡി.സി.സി.യിൽ ഉൾപ്പെടുന്ന എല്ലാ ദ്വീപുകളിലും അദ്ദേഹം സന്ദർശനം നടത്തി.

എല്ലാ ദ്വീപുകളിൽ നിന്നും പരാതി നൽകിയിട്ടുണ്ടെന്നാണ് ചില പ്രവർത്തകർ അറിയിച്ചത്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ നിരീക്ഷകൻ എ.ഐ.സി.സി.ക്ക് എല്ലാം വിശദമായി റിപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ചില പ്രവർത്തകർ പറഞ്ഞു.

എന്നാൽ മാത്യു ഹംദുള്ളയുടെ സ്വന്തം ആളാണെന്നും ഹംദുള്ളയ്ക്കെതിരെ അദ്ദേഹം ഒരു റിപ്പോർട്ടും സമർപ്പിക്കില്ലെന്നും ഹംദുള്ളയെ അനുകൂലിക്കുന്ന ചില പ്രവർത്തകരും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *