ലക്ഷദ്വീപിലെ മനുഷ്യാവകാശ ലംഘന ആരോപണം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.പി. ഹംദുള്ള സഈദ് NHRCക്ക് കത്ത്



ന്യൂഡൽഹി: ലക്ഷദ്വീപ് നിവാസികളുടെ ഭരണഘടനാപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി ആരോപിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ലക്ഷദ്വീപ് ലോക്സഭാംഗം അഡ്വ. എം. ഹംദുള്ള സഈദ് ദേശീയ മനുഷ്യാവകാശ കമ്മീഷന് (NHRC) കത്ത് നൽകി.

ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ മുൻകൂർ അറിയിപ്പോ നോട്ടീസോ നൽകാതെ വീടുകളുടെ പരിസരത്ത് പ്രവേശിക്കുകയും വീടുകളുടെ അറ്റകുറ്റപ്പണികളും നിർമാണ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി പരാതികൾ ലഭിച്ചതായി കത്തിൽ പറയുന്നു. കുട്ടികളുടെ വിവാഹം പോലുള്ള പ്രധാന കുടുംബ ചടങ്ങുകൾക്കായി വീടുകളിൽ നടത്തുന്ന ആവശ്യമായ അറ്റകുറ്റപ്പണികൾക്കും ഇത്തരം ഇടപെടലുകൾ തടസ്സമാകുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഉന്നത അധികാരികളുടെ വാക്കാലുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നതെന്നും, ഇതുസംബന്ധിച്ച് എഴുത്തുപരമായ ഉത്തരവുകളോ നിയമപരമായ കാരണങ്ങളോ ബന്ധപ്പെട്ടവർക്ക് നൽകുന്നില്ലെന്നും എം.പി. ആരോപിച്ചു. ഇത്തരം നടപടികൾ താമസക്കാരുടെ സ്വകാര്യത, അന്തസ്സ്, നിയമപരമായ നടപടിക്രമത്തിനുള്ള അവകാശം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെ ബാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും, ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടണമെന്നും എം.പി. ആവശ്യപ്പെട്ടു. ആരോപണവിധേയമായ നടപടികളിൽ നിഷ്പക്ഷ അന്വേഷണം നടത്തുകയും ദ്വീപുകാരുടെ വീടുകളിലും നിയമാനുസൃത അവകാശങ്ങളിലും അനിയന്ത്രിതമായ ഇടപെടൽ തടയുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2026 ഒക്ടോബർ 10-ന് NHRC ചെയർപേഴ്സൺ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യന് അയച്ച കത്തിലാണ് എം. ഹംദുള്ള സഈദ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *