കവരത്തി: സ്വകാര്യ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ചെറിയകോയയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കവരത്തിയിൽ പോലീസ് നടപടി ശക്തമാക്കി. പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത പുതിയ കേസിൽ 15 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.
ഗാന്ധി പ്രതിമയ്ക്ക് സമീപം ചെറിയകോയയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചപ്പോൾ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അറസ്റ്റ് നടത്തിയതെന്നാണ് വിവരം. അറസ്റ്റിലായ 15 പേരും നിലവിൽ കവരത്തി പോലീസ് സ്റ്റേഷനിലാണുള്ളത്.
പുതിയ കേസിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. പി.കെ. സലീമിനെ ഒന്നാം പ്രതിയായും, ചെറിയകോയയെ രണ്ടാം പ്രതിയായും, റസാഖിനെ മൂന്നാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർ പ്രതിഷേധങ്ങൾ തടയുന്നതിനും ജനകീയ മുന്നേറ്റങ്ങളെ അടിച്ചമർത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് തുടർച്ചയായ കേസുകളും അറസ്റ്റുകളുമെന്ന് നേതാക്കൾ ആരോപിച്ചു.
