ന്യൂഡൽഹി: ലക്ഷദ്വീപിൽ സ്കൈഹോപ്പ് ഏവിയേഷൻ ആരംഭിക്കാനിരുന്ന സീപ്ലെയിൻ സർവീസിന് അവസാന നിമിഷം അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം നടത്തുന്നു. സംഭവത്തിന് പിന്നിലെ കാരണങ്ങൾ പരിശോധിച്ചുവരികയാണെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഒരു വർഷത്തിലേറെ നീണ്ട തയ്യാറെടുപ്പുകൾക്കും 40-ലധികം പരീക്ഷണ സർവീസുകൾക്കും ശേഷമാണ് സീപ്ലെയിൻ സർവീസ് ആരംഭിക്കാനിരുന്നത്. അഞ്ച് ദ്വീപുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ലക്ഷദ്വീപിനെ രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതിനുമായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. 19 സീറ്റുകളുള്ള സീപ്ലെയിൻ ഉപയോഗിച്ച് സർവീസ് നടത്താനായിരുന്നു സ്കൈഹോപ്പിന്റെ പദ്ധതി.
മൺസൂൺ കാലം അവസാനിച്ചതിന് ശേഷം സെപ്റ്റംബർ 16 മുതൽ സർവീസ് ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനായി ജലജെട്ടികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും പരീക്ഷണ പറക്കലുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ സർവീസ് ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ സെപ്റ്റംബർ 10ന് മുന്നോട്ട് പോകരുതെന്ന് സ്കൈഹോപ്പിന് നിർദേശം ലഭിച്ചതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്.
ലക്ഷദ്വീപ് ഭരണകൂടം സീപ്ലെയിൻ, വാട്ടർഡ്രോം പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുഭവവും ആവശ്യമായ സംവിധാനങ്ങളും സംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ചാണ് നേരത്തെ നൽകിയ അനുമതികൾ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 21ന് മുൻപ് നൽകിയ ആശയവിനിമയങ്ങൾ പിൻവലിക്കുന്നതായി ഭരണകൂടം എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ലക്ഷദ്വീപിൽ സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് നേരത്തെ തന്നെ പ്രധാന മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 2026 മേയിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ആദ്യ സീപ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയിരുന്നു. അഗത്തി, കവരത്തി, കൽപേനി, കിൽത്താൻ, കടമത്ത് ദ്വീപുകളിലെ ലഗൂണുകളിൽ വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തിരുന്നു.
അനുമതി പിൻവലിച്ചതോടെ പദ്ധതിയുടെ ഭാവി സംബന്ധിച്ച് ആശങ്ക ഉയർന്നിരിക്കെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വിഷയത്തിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. സർവീസ് പുനരാരംഭിക്കുന്നതിനുള്ള സാധ്യതയും തുടർനടപടികളും ഇതോടെ നിർണായകമാകും.
