കവരത്തി: ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ 22 എൻസിപി പ്രവർത്തകരെ കവരത്തിയിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി എൻസിപി നേതാവ് സുപ്രിയ സുലെ. ജാമ്യമില്ലാ വകുപ്പുകൾ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രവർത്തകരുടെ അറസ്റ്റ് നടന്നതെന്നും അവർ പറഞ്ഞു.
അറസ്റ്റിലായ പ്രവർത്തകരുടെ നീതിക്കായുള്ള പോരാട്ടത്തിന് പാർട്ടി ഉറച്ച പിന്തുണ നൽകുന്നതായും സുപ്രിയ സുലെ വ്യക്തമാക്കി. ലക്ഷദ്വീപ് കളക്ടർ ശിവം ചന്ദ്ര ഭരണഘടന ഉയർത്തിപ്പിടിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുകളിൽ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്ക് മുൻഗണന നൽകേണ്ടത് പൊതുപ്രവർത്തകരുടെ കടമയാണെന്നും സുപ്രിയ സുലെ ചൂണ്ടിക്കാട്ടി.
അറസ്റ്റിലായ പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്നും അധികാര ദുർവിനിയോഗം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടാണ് സുപ്രിയ സുലെ സാമൂഹിക മാധ്യമത്തിൽ പ്രതികരണം നടത്തിയത്.
