കവരത്തി: ലക്ഷദ്വീപിൽ നിർദിഷ്ട സീപ്ലെയിൻ സർവീസ് വൈകുന്നതിന്റെ കാരണങ്ങൾ അടിയന്തരമായി പരിശോധിച്ച് സർവീസ് എത്രയും വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) ലക്ഷദ്വീപ് ഘടകം കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപു രാംമോഹൻ നായിഡുവിന് നിവേദനം നൽകി.
എൽജെപി ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് നബീൽ നിഷാൻ എം. ആണ് ഒക്ടോബർ 8ന് മന്ത്രിക്ക് നിവേദനം നൽകിയത്. ലക്ഷദ്വീപിന്റെ ദീർഘകാല ആവശ്യവും ജനങ്ങളുടെ യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതിയുമാണ് സീപ്ലെയിൻ സർവീസെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ അഗത്തി മാത്രമാണ് ലക്ഷദ്വീപിലെ പ്രവർത്തനക്ഷമമായ വിമാനത്താവളമുള്ള ദ്വീപ്. മറ്റു ദ്വീപുകളിലെ ജനങ്ങൾ പ്രധാനമായും കപ്പലുകളെയും ബോട്ടുകളെയും ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നത് ദ്വീപുകൾ തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കും വിദ്യാഭ്യാസം, തൊഴിൽ, ടൂറിസം മേഖലകൾക്കും ഏറെ പ്രയോജനകരമാകുമെന്ന് നിവേദനത്തിൽ പറയുന്നു.
സീപ്ലെയിൻ പദ്ധതിയുടെ ഭാഗമായി വാട്ടർ ജെട്ടികളുടെ നിർമാണം പൂർത്തിയാക്കിയതായും 40ലധികം പരീക്ഷണ പറക്കലുകൾ വിജയകരമായി നടത്തിയതായും ഡിജിസിഎയുടെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (AOC) ലഭിച്ചതായും കത്തിൽ പറയുന്നു. സെപ്റ്റംബർ 16ന് വാണിജ്യ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഉദ്ഘാടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സർവീസ് നിർത്തിവെച്ചതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നത് ദ്വീപുകളിലെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലുള്ള യാത്രാ സൗകര്യം ഒരുക്കും. ഒന്നിലധികം ദ്വീപുകളിലേക്ക് വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വ്യോമയാനം, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്ന് എൽജപി വിലയിരുത്തുന്നു.
ലക്ഷദ്വീപ് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി കൂടുതൽ ശ്രദ്ധ നേടുന്ന സാഹചര്യത്തിൽ ആധുനികവും വിശ്വസനീയവുമായ ഗതാഗത സംവിധാനം അനിവാര്യമാണെന്നും സീപ്ലെയിൻ സർവീസിനെ വിനോദസഞ്ചാര സൗകര്യം എന്നതിലുപരി ദ്വീപുകളുടെ ഗതാഗത-സാമ്പത്തിക വികസനത്തിന്റെ പ്രധാന അടിസ്ഥാന സൗകര്യമായി കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സർവീസ് വൈകുന്നതിനുള്ള കാരണങ്ങൾ പരിശോധിച്ച് നിയമപരവും സാങ്കേതികവും സുരക്ഷാ സംബന്ധവുമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സീപ്ലെയിൻ സർവീസ് എത്രയും വേഗം ആരംഭിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
