എഡിറ്റോറിയൽ
കേന്ദ്ര ഗവൺമെൻ്റും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും ചേർന്ന് ഭരണപരമായി ലക്ഷദ്വീപിലെ ജനജീവിതത്തിനു പ്രതിസന്ധി സൃഷ്ടിക്കുംവിധമുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. മദ്യമയക്കുമരുന്നുകൾ നിഷിദ്ധമായി കണ്ടിരുന്ന ഒരു ജനതയുടെ മേൽ മദ്യം നിർമ്മിക്കാനും ഉപയോഗിക്കാനും അനുമതി നൽകുന്ന നിയമം കൊണ്ടുവരിക.47 വർഷമായി നിലനിൽക്കുന്ന നിരോധനം എടുത്ത് കളയുക. തദ്ദേശിയർ പതിറ്റാണ്ടുകളോളമായി കൈവശം വെച്ച് വന്നിരുന്ന ഭൂസ്വത്തുക്കൾ പണ്ടാരം ഭൂമി എന്ന് പറഞ്ഞ് ഗവൺമെൻ്റ് ഭൂമിയാക്കി കൈയ്യേറാൻ ശ്രമിക്കുക. തദ്ദേശിയർ കൈവശം വെച്ച് വരുന്ന ഭൂമി കലക്ടറുടെ അനുമതിയില്ലാതെ വിൽപ്പനയൊ മറ്റ് കൈമാറ്റങ്ങളൊ നടത്താൻ പാടില്ലെന്ന് പറഞ്ഞ് നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുക. ദ്വീപു നിവാസികൾക്ക് സ്വന്തം ജന്മദേശമായ ദ്വീപിൽ ജീവിക്കാൻ കഴിയാത്ത വിധം പ്രതിസന്ധിയിലാകുമ്പോൾ അവൻ്റെ സ്വയം രക്ഷക്ക് സമര ര രംഗത്തിലേക്ക് ഇറങ്ങേണ്ടതായി വരും. അതിൻ്റെ അലയൊലികളാണ് ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്നും ഉയർന്ന് കേൾക്കുന്നത്. ദ്വീപിന് വേണ്ടി സമരത്തിന് ഇറങ്ങിയ എല്ലാ ദ്വീപ് നിവാസികൾക്കും ദ്വീപ് ഡയറി ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.
പ്രതിഷേധിക്കുന്നവർക്ക് നേരെ കർശനമായ നടപടികൾ സ്വീകരിച്ചും പ്രതിഷേധം ആൾ പ്പെരുമാറ്റമില്ലാത്ത ഇടങ്ങളിൽ ചെയ്യാൻ നിർബന്ധിച്ചും ഭരണകൂടത്തിനെതിരെ സമരം ചെയ്യാനുള്ള പൗരൻ്റെ മൗലികാവകാശമാണ് ലക്ഷദ്വീപ് ഭരണകൂടം തടയാൻ ശ്രമിക്കുന്നത്. ആളില്ലാ ഗ്രൗണ്ടുകളിലും കടൽ തീരത്തും മറ്റിടങ്ങളിലും നാലാളിൽ കൂടുതൽ പേർ കൂട്ടം ചേർന്ന് സമരം ചെയ്യാൻ പാടില്ലെന്നാണ് തിട്ടൂരം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിനെതിരെ അഹിംസാ നിസ്സഹകരണ സമരത്തിലൂടെ സ്വാതന്ത്ര്യം നേടി നിർമ്മിച്ചെടുത്ത ഒരു രാജ്യത്താണ് സമര വിലക്കുകളുമായി ഭരണകൂടം ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.
പ്രതിഷേധങ്ങൾക്കെതിരെയുള്ള നിയമങ്ങളെ നമ്മൾ നിസ്സഹകരണം കൊണ്ടുതന്നെ മറികടക്കേണ്ടതുണ്ട്. സമരം ചെയ്യാൻ ഏതെങ്കിലും മേലാളൻ്റെ ഓഫീസിന് മുന്നിൽ പോയി കുത്തിയിരിക്കേണ്ട കാര്യമൊന്നുമില്ല. ഈ സോഷ്യൽ മീഡിയാ കാലത്ത് നമ്മുടെ വീടിന് മുറ്റത്തും നമുക്ക് പ്രതിഷേധിക്കാം. ഒരു ദ്വീപിലെ എല്ലാ വീടുകളിലും സമരാവശ്യങ്ങൾ പറയുന്ന ബാനറുകളോ പ്ലേക്കാർഡുകളോ വെച്ച് പ്രതിഷേധിക്കാവുന്നതാണ്. ഗാന്ധിജിയുടെ പ്രതിഷേധ രീതി പരിഗണിച്ച് നിയമ ലംഘന സമരങ്ങൾ നടത്താം. നമ്മുടെ മൗലിക അവകാശങ്ങൾ ലംഘിക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിഷേധിച്ച് കൊണ്ടേയിരിക്കണം. ഈ ഭീഷണി കണ്ട് നമ്മൾ പിൻമാറിയാൽ അത് ഏകാധിപതികൾക്ക് വളം വെച്ച് കൊടുക്കലാവും. അവരുടെ ചെയ്തികളെ അംഗീകരിച്ചു കൊടുക്കലാകും. സർക്കാറിനോട് അവർ ചെയ്യുന്ന പ്രവർത്തികൾ ശരിയല്ല” എന്ന് പറയുക എന്നത് നമ്മുടെ മൗലിക അവകാശമാണ്. അത് എഴുതി നമ്മുടെ വീടിൻ്റെ മുന്നിൽ തൂക്കാൻ ആരുടേയും അനുമതി വേണ്ട. എല്ലാ വീടുകളുടെ മുന്നിലും നമുക്ക് പ്രതിഷേധമുയർത്താം. ജയ് ലക്ഷദ്വീപ്. ജയ് ദ്വീപു ജനത…’’
