ന്യൂഡൽഹി/കവരത്തി: ലക്ഷദ്വീപിന്റെ സുസ്ഥിരവും ആസൂത്രിതവുമായ വികസനം ലക്ഷ്യമിട്ട് പുതിയ “ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് റെഗുലേഷൻ, 2026” രാഷ്ട്രപതി ദ്രൗപദി മുർമു വിജ്ഞാപനം ചെയ്തു. കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം (ലെജിസ്ലേറ്റീവ് ഡിപ്പാർട്ട്മെന്റ്) 2026 ജൂലൈ 28-നാണ് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഭരണഘടനാ നിർമ്മാണ തത്ത്വങ്ങൾ അനുസരിച്ച് ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിന്റെ പരിസ്ഥിതി നാശം തടയുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, മികച്ച ഭരണം ഉറപ്പാക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പ്രധാന വിവരങ്ങൾ:
- ലക്ഷദ്വീപ് പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ബോർഡ്: അഡ്മിനിസ്ട്രേറ്റർ ചെയർമാനായി ‘ലക്ഷദ്വീപ് പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് ബോർഡ്’ രൂപീകരിക്കും. പഞ്ചായത്ത്, വ്യവസായം, പൊതുമരാമത്ത്, വനം, കൃഷി, ടൂറിസം, ഗതാഗതം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ പ്രമുഖരും കേന്ദ്ര മന്ത്രാലയങ്ങളുടെ പ്രതിനിധികളും ബോർഡിൽ അംഗങ്ങളായിരിക്കും.
- മാസ്റ്റർ പ്ലാനും റീജിയണൽ പ്ലാനും: ദ്വീപുകളുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാനുകളും 20 വർഷത്തേക്കുള്ള റീജിയണൽ പ്ലാനുകളും തയ്യാറാക്കും.
- പവളപ്പുറ്റുകളുടെ സംരക്ഷണം: പവളപ്പുറ്റുകൾ (Corals) കെട്ടിട നിർമ്മാണ ആവശ്യങ്ങൾക്കായി ഖനനം ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചു. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം (Wild Life Protection Act) നടപടിയെടുക്കും.
- കടൽത്തീര ശുചിത്വം: കടൽത്തീരങ്ങളിലോ പരിസരങ്ങളിലോ ഖര-ദ്രവ മാലിന്യങ്ങൾ തള്ളുന്നത് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരിൽ നിന്ന് 5,000 രൂപ വരെ പിഴ ഈടാക്കും.
- അനധികൃത നിർമ്മാണം തടയൽ: മുൻകൂട്ടി അനുമതിയില്ലാതെ നടത്തുന്ന നിർമ്മാണങ്ങൾക്കും അനുമതിപത്രത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിനുമെതിരെ 2 ലക്ഷം രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. കൂടാതെ, ഡ്രോൺ സർവേകളും ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റവും (GIS) ഉപയോഗിച്ച് അനധികൃത നിർമ്മാണങ്ങൾ നിരീക്ഷിക്കും.
അഡ്മിനിസ്ട്രേറ്റർ ഗസറ്റ്
വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കുന്ന തീയതി മുതൽ പുതിയ നിയമം ലക്ഷദ്വീപിൽ പ്രാബല്യത്തിൽ വരും.
ലക്ഷദ്വീപ് ജനത വളരെ ആശങ്കകളോടെയാണ് ഈ റഗുലേഷനെ കാണുന്നത്. ദ്വീപുകാരുടെ വീട് നിർമ്മാണ അവകാശത്തെ സാരമായി ബാധിക്കും ഈ റഗുലേഷൻ എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ദ്വീപിലെ ഒരാളുമായി പോലും ചർച്ചയോ പങ്കാളിത്തമോ ഇല്ലാതെയാണ് ഇത്തരം നിയമങ്ങൾ ഇവിടെ ചുട്ടെടുക്കപ്പെടുന്നത്.പഞ്ചായത്ത് ഭരണസംവിധാനം ലക്ഷദ്വീപിൽ ഇല്ലാതായിട്ട് വർഷങ്ങളേറെയായി.പാർലമെൻ്റ് മെമ്പർക്ക് ദ്വീപ് ഭരണത്തിൽ ഇടപെടാനുള്ള ഒരു അവസരവും ഇല്ല. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ദ്വീപിൽ യാതൊരു വിലയുമില്ലാതായിരിക്കുന്നു. അങ്ങനെയൊരു സാഹചര്യവും ഇവിടെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.
