ലക്ഷദ്വീപിലെ ആഴക്കടൽ പവിഴപ്പുറ്റുകളിലെ മത്സ്യവൈവിധ്യം പഠിക്കാൻ മലയാളി ഗവേഷകർ

കൊച്ചി: ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ മെസോഫോട്ടിക് (Mesophotic) ആഴക്കടൽ പവിഴപ്പുറ്റുകളിലെ അപൂർവ മത്സ്യവൈവിധ്യം പഠിക്കാൻ മലയാളി ഗവേഷകരുടെ നേതൃത്വത്തിൽ മൂന്ന് വർഷത്തെ ഗവേഷണ പദ്ധതി ആരംഭിക്കുന്നു. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ (ANRF) ₹77 ലക്ഷം ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കടൽനിരപ്പിൽ നിന്ന് 30 മുതൽ 150 മീറ്റർ വരെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന മെസോഫോട്ടിക് പവിഴപ്പുറ്റുകൾ സാങ്കേതിക വെല്ലുവിളികളും ഉയർന്ന ചെലവും കാരണം ഇതുവരെ വിശദമായി പഠനവിധേയമായിട്ടില്ല. സാധാരണ സ്കൂബാ ഡൈവിങ്ങിലൂടെ എത്തിച്ചേരാൻ കഴിയാത്ത ഈ മേഖലയെക്കുറിച്ച് പഠിക്കാൻ നിർമിതബുദ്ധി (AI)യും അത്യാധുനിക അണ്ടർവാട്ടർ റോബോട്ടിക്സ് സംവിധാനങ്ങളും സംയോജിപ്പിച്ചുള്ള ഗവേഷണരീതികളാണ് സംഘം ഉപയോഗിക്കുന്നത്.

ചെന്നൈയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. കെ.കെ. ബിനീഷാണ് പദ്ധതിയുടെ മുഖ്യ ഗവേഷകൻ. തേവര സേക്രഡ് ഹാർട്ട് കോളേജിലെ അക്വാകൾച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.വി. അനീഷ് കുമാറും ചിൻമയ വിശ്വവിദ്യാപീഠത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനുപമ ജിംസും സഹഗവേഷകരാണ്.

മെസോഫോട്ടിക് മേഖലയിലെ മത്സ്യങ്ങളുടെ ഡിഎൻഎ ബാർകോഡ് റഫറൻസ് ലൈബ്രറി രാജ്യത്ത് ആദ്യമായി സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ലക്ഷദ്വീപിലെ ആഴക്കടൽ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ കണ്ടെത്തുന്നതിനും സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും ഭാവിയിലെ ഗവേഷണങ്ങൾക്കും ഈ പഠനം നിർണായക സംഭാവന നൽകുമെന്നാണ് ഗവേഷക സംഘം പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *