കവരത്തി: കടമത്ത് ഗവൺമെന്റ് കോളേജ് ഓഫ് എഡ്യൂക്കേഷനിലെ B.Ed കോഴ്‌സിലേക്കുള്ള ഓൺലൈൻ സീറ്റ് അലോട്ട്മെന്റ് അഡ്മിനിസ്ട്രേറ്റീവ് കാരണങ്ങളാൽ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി NSUI ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. അലോട്ട്മെന്റ് റദ്ദാക്കിയത് വിദ്യാർത്ഥികൾക്കുണ്ടാക്കിയ ആശയക്കുഴപ്പത്തിനും മാനസിക ബുദ്ധിമുട്ടുകൾക്കും ഭരണകൂടം ഉത്തരവാദികളാണെന്ന് സംഘടന ആരോപിച്ചു.
വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയങ്ങളിൽ ആവശ്യമായ പരിശോധനകളും വ്യക്തതയും ഉറപ്പാക്കാതെയാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതെന്നും പിന്നീട് അത് റദ്ദാക്കേണ്ടി വന്നത് വിദ്യാഭ്യാസ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും NSUI സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് സുഹൈബ് എം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
അലോട്ട്മെന്റ് റദ്ദാക്കിയതിലൂടെ വിദ്യാർത്ഥികൾ നേരിട്ട സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് എത്രയും വേഗം സുതാര്യവും നീതിപൂർണവുമായ പുതിയ അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, വിദ്യാർത്ഥികളുടെ അക്കാദമിക ഭാവി സംരക്ഷിക്കുന്നതിന് സമയബന്ധിതമായ പരിഹാരം ഉറപ്പാക്കണമെന്നും NSUI ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ തുടരുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
