ഓണാവധിക്ക് നാട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കപ്പൽ ഷെഡ്യൂളും ടിക്കറ്റ് ക്വാട്ടയും അനുവദിക്കണം: എൻ.എസ്.യു.ഐ

കൊച്ചി: ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കാൻ പ്രത്യേക കപ്പൽ ഷെഡ്യൂളും വിദ്യാർത്ഥികൾക്കായി പ്രത്യേക ടിക്കറ്റ് ക്വാട്ടയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ (NSUI) ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി ലക്ഷദ്വീപ് പോർട്ട് ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചു.

കൊച്ചിയിലെ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ എൻ.എസ്.യു.ഐ സംസ്ഥാന അധ്യക്ഷൻ മുഹമ്മദ് കബീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പോർട്ട് ഡെപ്യൂട്ടി ഡയറക്ടറെ നേരിൽ കണ്ട് ആവശ്യങ്ങൾ ഉന്നയിച്ചത്.

വിദ്യാർത്ഥികൾക്കായി പ്രത്യേക ടിക്കറ്റ് ക്വാട്ട അനുവദിച്ച് ടിക്കറ്റുകൾ മുൻകൂട്ടി ബ്ലോക്ക് ചെയ്യുക, ഓണാവധി കാലയളവിൽ കൂടുതൽ ഷോർട്ട് വോയേജ് (Short Voyage) സർവീസുകൾ ഉൾപ്പെടുത്തി കപ്പൽ ഷെഡ്യൂളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക, പഠനം മുടങ്ങാത്ത രീതിയിൽ യാത്ര ഉറപ്പാക്കാൻ ടിക്കറ്റുകൾ നേരത്തേ ലഭ്യമാക്കുക എന്നിവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.

കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പഠിക്കുന്ന 1,500-ലധികം ലക്ഷദ്വീപ് വിദ്യാർത്ഥികൾ ഇത്തവണ ഓണാവധിക്കായി ദ്വീപുകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ യാത്രാ തിരക്ക് പരിഗണിച്ച് കപ്പൽ സർവീസുകൾ വർധിപ്പിക്കണമെന്നും വിദ്യാർത്ഥികൾക്ക് യാത്രാ ആസൂത്രണം എളുപ്പമാക്കുന്നതിനായി കപ്പൽ ഷെഡ്യൂളുകൾ മുൻകൂട്ടി പ്രസിദ്ധീകരിക്കണമെന്നും എൻ.എസ്.യു.ഐ ആവശ്യപ്പെട്ടു.

സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് സുഹൈബ് മമ്പുറം, സംസ്ഥാന സെക്രട്ടറിമാരായ മുബിൻ സംറൂദ്, മുഹമ്മദ് അൻഫസ് എന്നിവരും സംസ്ഥാന അധ്യക്ഷനൊപ്പം നിവേദനം നൽകിയ പ്രതിനിധി സംഘത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *