ലക്ഷദ്വീപിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം; 60 ദിവസത്തേക്ക് പ്രത്യേക ഉത്തരവ്

കവരത്തി: ലക്ഷദ്വീപിലെ സർക്കാർ ഓഫീസുകൾ, ജെട്ടികൾ, ഹെലിപാഡുകൾ, ഇന്ധന ഡിപ്പോകൾ, വൈദ്യുതി നിലയങ്ങൾ, ആശുപത്രികൾ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ പ്രതിഷേധങ്ങളും ധർണകളും നിയന്ത്രിച്ചുകൊണ്ട് ജില്ലാ മജിസ്ട്രേറ്റ് ശിവം ചന്ദ്ര ഐ.എ.എസ്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 2023-ലെ വകുപ്പ് 163 പ്രകാരം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.

അമിനി, അഗത്തി, ആന്ത്രോത്ത്, കവരത്തി എന്നിവിടങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന വിവിധ പ്രതിഷേധങ്ങൾ, സർക്കാർ ഓഫീസുകളിലേക്കുള്ള അതിക്രമ പ്രവേശന ശ്രമങ്ങൾ, പൊതുമുതൽ നശീകരണം, പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഉത്തരവ് പ്രകാരം ജെട്ടികൾ, ഹെലിപാഡുകൾ, ഇന്ധന ഡിപ്പോകൾ, വൈദ്യുതി നിലയങ്ങൾ, ജലവിതരണ പ്ലാന്റുകൾ, സർക്കാർ ആശുപത്രികൾ, എസ്.ഡി.എം./ബി.ഡി.ഒ. ഓഫീസുകൾ, ജില്ലാ കളക്ടറേറ്റ്, സെക്രട്ടേറിയറ്റ് എന്നിവയുടെ നിശ്ചിത പരിധിക്കുള്ളിൽ പ്രതിഷേധം, ധർണ, മുദ്രാവാക്യം വിളി, പ്രകടനം തുടങ്ങിയ പ്രവർത്തനങ്ങൾ നിരോധിച്ചു.

അഞ്ചോ അതിലധികമോ ആളുകൾ പ്രതിഷേധ ലക്ഷ്യത്തോടെ ഒത്തുചേരുന്നതും, അനുമതിയില്ലാതെ ബാനറുകളും പ്ലക്കാർഡുകളും പ്രദർശിപ്പിക്കുന്നതും, സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവും പ്രവർത്തനവും തടസപ്പെടുത്തുന്നതും നിരോധന പരിധിയിൽ ഉൾപ്പെടും.

അതേസമയം, ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഓരോ ദ്വീപിലും പ്രത്യേകം പ്രതിഷേധ വേദികൾ നിശ്ചയിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർക്കും ഡെപ്യൂട്ടി കളക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വേദികളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പോലീസ് വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമായിരിക്കും.

ഉത്തരവ് 60 ദിവസത്തേക്ക് പ്രാബല്യത്തിലുണ്ടാകുമെന്നും 30 ദിവസത്തിന് ശേഷം അവലോകനം നടത്തുമെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലക്ഷദ്വീപിൽ ഈയിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനദ്രോഹവും മൗലികാവകാശ ലംഘനങ്ങളുമായ നടപടികൾക്കെതിരെ ഏതാനും ദ്വീപുകളിലുണ്ടായ ചെറിയ പ്രതിഷേധങ്ങളെ പോലും സഹിക്കുവാൻ കഴിയാത്തവരാണ് ഇവിടത്തെ ഭരണാധികാരികൾ എന്ന് വ്യക്തമാക്കുന്നതാണ് ഈ ഉത്തരവ്.പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ജനശ്രദ്ധ പിടിച്ചുപറ്റുന്ന ഇടങ്ങളായ ജെട്ടിയും പരിസരങ്ങളും എല്ലാം 100 മീറ്റർ പരിധിക്കകത്ത് ഒരു പ്രതിഷേധവും പാടില്ല എന്നത് വിസ്മയകരവും ലക്ഷദ്വീപിൽ മാത്രം നടക്കുന്നതുമാണ്.നാലും അഞ്ചും ആളുകൾ എന്ത് പ്രതിഷേധമാണ് നടത്തി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, തൊട്ടടുത്ത സംസ്ഥാനങ്ങളിലൊക്കെ ഇങ്ങനെയാണോ പ്രതിഷേധങ്ങൾ നടത്തുന്നത്. ദ്വീപിന് മാത്രം നിയമം വേറെയാണോ ഉള്ളത്, ലക്ഷദ്വീപ് ഇപ്പോൾ വെള്ളരിക്കാ പട്ടണമായി മാറ്റിക്കഴിഞ്ഞു. ഇവിടത്തെ ഭരണാധികാരികളെല്ലാം വാളെടുത്തവനെല്ലാം വെളിച്ചപ്പാടുകളായത് പോലെയാണ്. അവർക്ക് തോന്നുന്നതെല്ലാം ഇവിടെ നിയമങ്ങളാക്കും.
ജനകീയ പ്രതിഷേധം കൂടുതൽ ശക്തി പ്രാപിക്കാനുള്ള സാഹചര്യങ്ങളാണ് ഇത്തരം ഉത്തരവുകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്.