ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ പ്രതിഷേധങ്ങളും ധർണകളും നടത്താൻ പ്രത്യേകമായി സ്ഥലം നിശ്ചയിച്ച് ഭരണകൂടം ഉത്തരവുകൾ പുറപ്പെടുവിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെ 2026 ജൂൺ 10-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികൾ.
പ്രധാന പൊതുസ്ഥലങ്ങൾ, ജെട്ടി പരിസരങ്ങൾ, ഹെലിപാഡുകൾ, പവർഹൗസുകൾ, ആശുപത്രികൾ, ഭരണകാര്യാലയങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ നിരോധിത മേഖലകളായി പ്രഖ്യാപിച്ചതിനോടൊപ്പം, സമാധാനപരമായ പ്രതിഷേധങ്ങൾക്ക് അംഗീകൃത സ്ഥലങ്ങളും നിശ്ചയിച്ചിരിക്കുകയാണ്. ഇവിടെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ചില നിബന്ധനകളും ബാധകമാണ്: 48 മണിക്കൂർ മുമ്പ് രേഖാമൂലമായ അനുമതി അപേക്ഷിക്കണം. ആയുധങ്ങളൊ അപകടകാരിയായ വസ്തുക്കളൊ അനുവദിക്കില്ല. പ്രതിഷേധം പരമാവധി നാല് മണിക്കൂർ മാത്രമേ നീണ്ടുനിൽക്കാവൂ. റോഡുകളെയും ജലപാതകളെയും തടസ്സപ്പെടുത്താൻ പാടില്ല. ക്രമസമാധാനം പാലിക്കുന്നതിന്റെ ഉത്തരവാദിത്തം സംഘാടകർക്ക് ആയിരിക്കും.
ആന്ത്രോത്ത് ദ്വീപിൽ “മൂലയിലെ ബീച്ച് റോഡിന്റെ അവസാന ഭാഗം” ആണ് അംഗീകൃത പ്രതിഷേധ വേദിയായി നിശ്ചയിച്ചിരിക്കുന്നത്. കിൽത്താനിൽ സ്റ്റേഡിയം ഗ്രൗണ്ടിലെ തുറസ്സായ സ്ഥലവും കടമത്ത് ദ്വീപിൽ വലിയഭൂമി ഫുട്ബോൾ ഗ്രൗണ്ടും അമിനി ദ്വീപിൽ ഫുട്ബോൾ ഗ്രൗണ്ടും പ്രതിഷേധ ഇടങ്ങളായി പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾ ഇവിടെ മാത്രമേ നടത്താവൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ഉത്തരവുകൾ ലംഘിക്കുന്നവർക്ക് ഭാരതീയ ന്യായ സംഹിത (BNS) 2023-ലെ വകുപ്പ് 223 പ്രകാരം ആറുമാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്ന ശിക്ഷയോ ലഭിക്കാമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.. പൗരന്മാർക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനിൽക്കുന്നതായും, എന്നാൽ സുരക്ഷയും പൊതുസമാധാനവും ഉറപ്പാക്കുന്നതിനായി പ്രതിഷേധങ്ങളുടെ സ്ഥലം നിയന്ത്രിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. വിവിധ ദ്വീപുകളിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പൊതുജനങ്ങളും ഉത്തരവുകൾ പാലിച്ച് പോലീസിനും ഭരണകൂടത്തിനും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. വിവിധ ദ്വീപുകളിലെ ഭരണച്ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാരാണ് ഉത്തരവുകൾ ഇറക്കിയിരിക്കുന്നത്. ആളുകൾ ഏറെയൊന്നും എത്താത്ത ഭാഗങ്ങളാണ് സമരങ്ങളും പ്രതിഷേധങ്ങളും നടത്താനായി സർക്കാർ കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങൾ .നാലിൽ കൂടാൻ പാടില്ലാത്ത ആളുകൾക്കേ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാൻ പാടുള്ളൂ. ആളുകൾ അധികമെത്താത്ത ആളുകളുടെ ശ്രദ്ധ അതികമൊന്നും എത്താത്തയിടത്ത് 4 പേർ നടത്തുന്ന സമരത്തിന് എന്ത് വിലയാണ് ലഭിക്കുക എന്നാണ് പൊതുപ്രവർത്തകർ ചോദിക്കുന്നത്.
