കടമത്ത്, കൽപേനി തുറമുഖ വികസന പദ്ധതികൾക്ക് ജൂൺ 5-ന് പ്രധാനമന്ത്രി തറക്കല്ലിടും

കവരത്തി: ലക്ഷദ്വീപിലെ കടമത്തും കൽപേനിയിലും നടപ്പാക്കുന്ന തുറമുഖ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ജൂൺ 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ മാർഗത്തിലൂടെ തറക്കല്ലിടും. പരിപാടിയുടെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം വിവിധ ദ്വീപുകളിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.

കവരത്തി, അഗത്തി, കല്പേനി,  കടമത്ത് എന്നീ നാല് ദ്വീപുകളിലായി പൊതുജനങ്ങൾക്ക് പരിപാടി തത്സമയം കാണുന്നതിനും പങ്കാളികളാകുന്നതിനുമായി പ്രത്യേക വേദികൾ സജ്ജമാക്കും. ഓരോ ദ്വീപിലും ഏകദേശം 750 പേർക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് സൗകര്യങ്ങൾ ഒരുക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി ജനപങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേക പ്രവർത്തനപദ്ധതി തയ്യാറാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ജീവനക്കാർ, വിദ്യാർത്ഥികൾ, വനിതാ സ്വയംസഹായ സംഘം അംഗങ്ങൾ, പ്രതിരോധ സേനാംഗങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി നോഡൽ ഓഫീസർമാരെയും നിയോഗിക്കും.

വേദികളിൽ എൽഇഡി സ്ക്രീനുകൾ,  കുടിവെള്ളം, ലഘുഭക്ഷണം, ദേശീയ പതാകകൾ, ഫാനുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. മഴയുടെ സാധ്യത പരിഗണിച്ച് ബദൽ ഇൻഡോർ വേദികളും കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ട്.

പദ്ധതികളുടെ ഡിജിറ്റൽ ശിലാഫലകവും വിശദീകരണ വീഡിയോയും മുൻകൂട്ടി തയ്യാറാക്കും. പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തേണ്ട സാഹചര്യം ഉണ്ടായാൽ ഓരോ ദ്വീപിൽ നിന്നും ഹിന്ദി ഭാഷയിൽ ആശയവിനിമയം നടത്താൻ കഴിയുന്ന അഞ്ച് പേരെ കണ്ടെത്താനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

തുറമുഖ വികസന പദ്ധതികൾ ലക്ഷദ്വീപിലെ സമുദ്ര ഗതാഗതത്തിനും ചരക്ക് നീക്കത്തിനും വലിയ മുന്നേറ്റമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.