ആരോഗ്യരംഗത്ത് അഭിമാന നേട്ടം: ആന്ത്രോത്തിൽ ‘ഡൈവേർട്ടിംഗ് ഇലിയോസ്റ്റമി’ ശസ്ത്രക്രിയ

ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആരോഗ്യരംഗത്തിന് അഭിമാന നേട്ടമായി ആന്ത്രോത്ത് AAM ഹോസ്പിറ്റലിൽ അതിസങ്കീർണ്ണമായ ‘ഡൈവേർട്ടിംഗ് ലൂപ്പ് ഇലിയോസ്റ്റമി’ (Diverting Loop Ileostomy) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ദ്വീപിന്റെ ചികിത്സാ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ആന്ത്രോത്ത് സ്വദേശിയായ 67 കാരിയായ രോഗിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അടിയന്തര ചികിത്സ ആവശ്യമായി വന്നിരുന്നു. മൂന്നു ദിവസമായി മലമൂത്ര വിസർജനം തടസ്സപ്പെടുകയും ശക്തമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ മുൻപ് നടത്തിയ കൊളോസ്റ്റോമി ഭാഗത്ത് ഗുരുതര അണുബാധയും കുടലിൽ വീക്കം രൂപപ്പെട്ടതും കണ്ടെത്തി. ഇതുമൂലം കുടൽ തടസ്സം (Impending Intestinal Obstruction) ഉണ്ടാകാനുള്ള സാധ്യത നിലനിന്നതിനാൽ അടിയന്തര ശസ്ത്രക്രിയ നിർണായകമായി.

18.05.2026 ന് നടത്തിയ “എക്സ്പ്ലോററ്ററി ലാപറോട്ടമി” (Exploratory Laparotomy) ശസ്ത്രക്രിയയുടെ ഭാഗമായി ചെറുകുടലിന്റെ പ്രവർത്തനം താൽക്കാലികമായി പുറത്തേക്ക് മാറ്റുന്ന ‘ഡൈവേർട്ടിംഗ് ലൂപ്പ് ഇലിയോസ്റ്റമി’ രീതി വിജയകരമായി നടപ്പിലാക്കി. ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗിയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു.

പരിമിതമായ ചികിത്സാ സൗകര്യങ്ങൾ മാത്രമുള്ള ദ്വീപ് പ്രദേശത്തുപോലും സങ്കീർണ്ണ ശസ്ത്രക്രിയകൾ വിജയകരമായി നടത്താൻ കഴിയുന്ന ആരോഗ്യസംവിധാനം നിലവിലുണ്ടെന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്ക് ഡോ. സജയ് രാജ് (ജനറൽ സർജൻ), ഡോ. ഇജാസ് എലിയ (അനസ്തീഷ്യ), നഴ്‌സിംഗ് ഓഫീസർമാരായ ഉബൈദുള്ള, ഷേഖാന ബീവി, ബീബി ഹലീമ, OT ടെക്നീഷ്യൻമാരായ നഷാദ് ഖാൻ, നദിയ നാസർ, അനീസ ബീഗം, ഷാഹിന ബീഗം എന്നിവർ നേതൃത്വം നൽകി.
ദ്വീപിലെ മെഡിക്കൽ-നഴ്‌സിംഗ് ടീമിന്റെ കൂട്ടായ പരിശ്രമവും ആത്മാർത്ഥ സേവന മനോഭാവവും കൊണ്ടാണ് ഈ നേട്ടം സാധ്യമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *