ലക്ഷദ്വീപ് വിൽപ്പനച്ചരക്കല്ല (എഡിറ്റോറിയൽ)

   കുറേ കാലം മുമ്പ് ദ്വീപ് ഡയറിയിൽ ഒരു എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. സുർദാസ് എന്ന അന്ധ കവിയുടെ നാട്ടിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചായിരുന്നു ആ എഴുത്ത്. കവിയുടെ നാട്ടിലെ പാടത്ത് ഒരു കോർപ്പറേറ്റ് കമ്പനി സിഗററ്റ് ഫാക്റ്ററി തുടങ്ങാൻ തീരുമാനിച്ചു. കവി നാട്ടുകാരെ ബോധവൽക്കരിച്ചതിനെ തുടർന്ന് ആ കമ്പനിക്ക് സിഗററ്റ് ഫാക്റ്ററി തുടങ്ങാനാവാതെ പിന്മാറി. എന്നാൽ ആ കമ്പനി ട്രക്കുകളിൽ ധാന്യങ്ങൾ കൊണ്ടു വന്ന് സൗജന്യമായി ആ ഗ്രാമത്തിൽ വിതരണം ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ സൂർദാസ് കവിയുടെ സ്വാധീനത്തിൽ അറച്ച് നിന്നവർ സൗജന്യമായി കിട്ടുന്നതല്ലേ എന്ന് കരുതി ധാന്യങ്ങൾ വാങ്ങിക്കാൻ തുടങ്ങി. കുറേ നാൾ കഴിഞ്ഞപ്പോൾ ആ കമ്പനി സൗജന്യ ധാന്യ വിതരണം നിർത്തലാക്കി. സൗജന്യം വാങ്ങി വാങ്ങി ശീലമായവർ മടിയന്മാരായി ട്രക്കിന് ചുറ്റും കറങ്ങി നടന്നു. ഈ സമയം ആ കമ്പനി ധാന്യങ്ങൾ വിൽക്കാൻ തുടങ്ങി. ധാന്യങ്ങൾ വാങ്ങിക്കാൻ കാശില്ലാതായ കർഷകർ അവരുടെ ഭൂമിയുടെ ആധാരങ്ങൾ പണയം വെച്ച് ധാന്യങ്ങൾ വാങ്ങി ജീവിക്കാൻ തുടങ്ങി. കുറേ കഴിഞ്ഞപ്പോൾ പാടങ്ങളെല്ലാം ആ കമ്പനിയുടെ അധീനതയിലായി. അവർ മദ്യ ഫാക്ടറിയും സിഗററ്റ് ഫാക്ടറിയും ആ ഗ്രാമത്തിൽ ആരംഭിച്ചു. ശേഷം സുർദാസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം ആ ഗ്രാമത്തെ തിരിച്ച് പിടിച്ചു എന്നാണ് അന്നത്തെ എഡിറ്റോറിയൽ.


     കുറേ കാലത്തിന് ശേഷം ഈ എഡിറ്റോറിയൽ വായിക്കുമ്പോൾ നമ്മുടെ ഈ ദ്വീപു ഗ്രാമങ്ങളേയും കോർപ്പറേറ്റ് കമ്പനികൾ കഴുകക്കണ്ണുകളുമായി നോട്ടമിട്ട് ലക്ഷദ്വീപ് കടലിനു മുകളിൽ പറക്കാൻ തുടങ്ങിയിരിക്കുന്നു. ഷെഡ്യൂൾ ട്രൈബ് വിഭാഗത്തിലുള്ള ജനങ്ങളുടെ ഭൂമി സംരക്ഷിക്കുക എന്ന കള്ളത്തരം കാണിച്ച് ലാൻ്റ് പുറമെ നിന്നുള്ളവർക്ക് വിൽപ്പന നടത്താനുള്ള നിയമം നടപ്പിലാക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. അങ്ങനെ ഒരു നിയമം പ്രാബല്യത്തിൽ വരുന്നതോടെ ലക്ഷദ്വീപിലെ തദ്ദേശിയരായ ജനങ്ങളെ കുടി ഒഴിപ്പിക്കാനുള്ള കരുക്കളിൽ സുപ്രധാന നീക്കം കൂടി പൂർത്തിയാവും. കോ ഓപ്പറേറ്റീവ് സൊസൈറ്റികളോ ബാങ്കുകളോ നമ്മുടെ ഭൂമി കയ്യേറി തുടങ്ങും. ദ്വീപു ഡയറിയുടെ ഈ എഡിറ്റോറിയൽ ഹിന്ദി കവി സൂർദാസിൻ്റെ മുന്നറിയിപ്പായി കാണുക. ഒരുമയോടെ നിന്നില്ലെങ്കിൽ ലക്ഷദ്വീപും ദ്വീപുകാരുമുണ്ടാവില്ല എന്ന് മനസിലാക്കുക. നമ്മളെ കുടിയൊഴിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഭരണകൂട ഭീരതക്കെതിരെ, ജനാധിപത്യ വിരുദ്ധത ക്കെതിരെ, സാമ്പത്തിക അടിച്ചമർത്തലിനെതിരെ, ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങാൻ തയ്യാറാവുക, അതു മാത്രമാണ് ഇതിനുള്ള പരിഹാരം.

Leave a Reply

Your email address will not be published. Required fields are marked *