കാണാതായ പൊലീസ് ഉദ്യോഗസ്ഥർക്കായി ഹൈടെക് തിരച്ചിൽ; പരാതി തുടർനടപടികൾക്കായി കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം



ന്യൂഡൽഹി: സുഹേലി പൊലീസ് ഔട്ട്‌പോസ്റ്റിൽ ഔദ്യോഗിക ഡ്യൂട്ടിക്കിടെ കടലിൽ കാണാതായ രണ്ട് ലക്ഷദ്വീപ് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി ഹൈടെക് Search & Rescue (തിരച്ചിൽ-രക്ഷാപ്രവർത്തനം) സംവിധാനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടർനടപടികൾക്കായി കൈമാറി.

കടമത്ത് സ്വദേശി സാബിത് പി.കെ. 2026 ഓഗസ്റ്റ് 21-ന് സമർപ്പിച്ച CPGRAMS പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ബോർഡർ മാനേജ്മെന്റ്-II ഡിവിഷൻ (കോസ്റ്റൽ സെക്യൂരിറ്റി) ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചത്. സുഹേലി പൊലീസ് ഔട്ട്‌പോസ്റ്റിൽ ഔദ്യോഗിക ഡ്യൂട്ടിക്കിടെ കടലിൽ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി അടിയന്തര ഇടപെടൽ വേണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം.

തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക, ലക്ഷദ്വീപിലെ വിദൂര ദ്വീപുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളാണ് പരാതിയിൽ ഉന്നയിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കുന്നു.

പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി മെമ്മോറാണ്ടത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സുഹേലി ഉൾപ്പെടെയുള്ള വിദൂര ദ്വീപുകളിലെ പൊലീസ്-കോസ്റ്റൽ സുരക്ഷാ സംവിധാനങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ, മെഡിക്കൽ സഹായം, അടിയന്തര തിരച്ചിൽ-രക്ഷാ സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തണമെന്ന ആവശ്യത്തിന് കേന്ദ്രതലത്തിൽ ലഭിച്ച ഈ ഇടപെടൽ ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *