ന്യൂഡൽഹി: നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും ലെഫ്റ്റനന്റ് ഗവർണർമാർക്കും സാമ്പത്തിക അധികാരങ്ങളിൽ കൂടുതൽ ഇളവ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവ് 2026 ഓഗസ്റ്റ് 26-ന് പുറത്തിറക്കി. ലക്ഷദ്വീപ് ഉൾപ്പെടെ ആൻഡമാൻ-നിക്കോബാർ, ചണ്ഡിഗഢ്, ദാദ്ര-നഗർ ഹവേലി & ദമൻ-ദിയു, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾക്കാണ് തീരുമാനം ബാധകമാകുന്നത്.
നേരത്തെ 2026 ജനുവരി 2-ന് പുറത്തിറക്കിയ ഉത്തരവിലൂടെ 100 കോടി രൂപ വരെയുള്ള പദ്ധതികൾ വിലയിരുത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള അധികാരം നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നൽകിയിരുന്നു. ഇപ്പോൾ 100 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്കും, ബന്ധപ്പെട്ട അധികാരികൾ പദ്ധതിയെ വിലയിരുത്തി അംഗീകരിച്ചിട്ടുണ്ടെങ്കിൽ, ടെൻഡർ ക്ഷണിക്കൽ, ടെൻഡർ അംഗീകരിക്കൽ, കരാർ നൽകൽ, കരാർ ശേഷമുള്ള മാനേജ്മെന്റ് എന്നിവയിൽ അഡ്മിനിസ്ട്രേറ്റർ/ലെഫ്റ്റനന്റ് ഗവർണർക്ക് പൂർണ്ണ അധികാരം നൽകുകയാണ് കേന്ദ്രം.
ഇതിനായി പദ്ധതികളുടെ നിർദേശങ്ങൾ ഇനി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് പ്രത്യേകമായി റഫർ ചെയ്യേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ അധികാരം വിനിയോഗിക്കുമ്പോൾ ബന്ധപ്പെട്ട കേന്ദ്രഭരണ പ്രദേശത്തെ സെക്രട്ടറി (ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യ ഫിനാൻഷ്യൽ അഡ്വൈസറുമായി കൂടിയാലോചിക്കണം.
കരാർ നൽകുന്നതിന് മുമ്പ് ആവശ്യമായ ബജറ്റ് വകയിരുത്തൽ ഉറപ്പാക്കണം. അനുവദിച്ച അധികാരം മറ്റൊരാൾക്ക് പുനർവിതരണം ചെയ്യാൻ പാടില്ലെന്നും എല്ലാ സാമ്പത്തിക ചട്ടങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രാലയത്തിലെ Department of Expenditure-ന്റെ അനുമതിയോടെയാണ് പുതിയ തീരുമാനം പുറത്തിറക്കിയിരിക്കുന്നത്.
ലക്ഷദ്വീപിന് പ്രത്യേക പ്രാധാന്യമുള്ള തീരുമാനം
വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെയുള്ള 100 കോടി രൂപയ്ക്ക് മുകളിലുള്ള അംഗീകരിക്കപ്പെട്ട പദ്ധതികളുടെ ടെൻഡർ നടപടികളും കരാർ മാനേജ്മെന്റും കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ അധികാരവികേന്ദ്രീകരണം സഹായകമാകുമെന്നാണ് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ. അതേസമയം, ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരം ധനകാര്യ ചട്ടങ്ങളും ബജറ്റ് ലഭ്യതയും ഉറപ്പാക്കിയ ശേഷമേ അധികാരം വിനിയോഗിക്കാനാകൂ.
