നീലക്കടലിനാൽ ചുറ്റപ്പെട്ട മനോഹരമായ ദ്വീപുസമൂഹങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം (മീലാദുന്നബി) അതീവ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിക്കുകയാണ്. നഗരങ്ങളിലെ തിരക്കുകളിൽ നിന്ന് മാറി, കടലിന്റെ മടിത്തട്ടിൽ കഴിയുന്ന ദ്വീപുനിവാസികൾക്ക് നബിദിനം കേവലമൊരു ആഘോഷമല്ല, മറിച്ച് പരസ്പര സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വലിയൊരു കൂട്ടായ്മയാണ്. ഹിജ്റ വർഷ പ്രകാരം റബീഉൽ അവ്വൽ മാസത്തിലെ പന്ത്രണ്ടാം രാവിനെ വരവേൽക്കാൻ ദിവസങ്ങൾക്ക് മുൻപ് തന്നെ ദ്വീപിലെമ്പാടും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. കടൽത്തീരങ്ങളിലെ മസ്ജിദുകളും മദ്രസകളും വീടുകളും കൊച്ചു കവലകളും വർണ്ണവിളക്കുകളാൽ ദീപാലംകൃതമാക്കിയിട്ടുണ്ട്. തെങ്ങിൻതോപ്പുകൾക്കും വെളുത്ത മണൽത്തരികൾക്കും ഇടയിലൂടെ ഒഴുകിയെത്തുന്ന കടൽക്കാറ്റിൽ പ്രവാചകന്റെ ജനനവും ജീവിതവും അടയാളപ്പെടുത്തുന്ന ‘മൗലിദ്’ കീർത്തനങ്ങൾ അലയടിക്കുന്നത് ദ്വീപിന് പുണ്യതീരത്തിന്റെ അനുഭൂതിയാണ് സമ്മാനിക്കുന്നത്. നബിയുടെ സൽഗുണങ്ങളും മാനവിക സന്ദേശങ്ങളും വിവരിക്കുന്ന പ്രകീർത്തന കാവ്യങ്ങൾ ആലപിക്കാൻ രാത്രികാലങ്ങളിൽ പള്ളികളിലും വീടുകളിലും പ്രായഭേദമന്യേ എല്ലാവരും ഒത്തുകൂടുന്നു. ഇതോടൊപ്പം പ്രവാചക ചരിത്രം ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രത്യേക സന്ദേശ സദസ്സുകളും ദ്വീപിലെ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ സജീവമായി നടന്നു വരുന്നുണ്ട്. ദ്വീപുനിവാസികളുടെ നബിദിനാഘോഷത്തിന്റെ ഏറ്റവും വലിയ ആകർഷണം തീരപ്രദേശങ്ങളിലൂടെ നീങ്ങുന്ന വർണാഭമായ റാലികളും ഘോഷയാത്രകളുമാണ്. പുതുവസ്ത്രങ്ങൾ ധരിച്ച കുട്ടികളും മുതിർന്നവരും അണിനിരക്കുന്ന റാലികളിൽ പരമ്പരാഗത ദഫ് മുട്ടും സ്കൗട്ടും ഒപ്പം ദ്വീപിന്റെ തനതായ കലാരൂപങ്ങളും ദൃശ്യമാകാറുണ്ട്. വഴിയോരങ്ങൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചിരിക്കുന്നത് കാണാം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഏന്തി കുട്ടികൾ നീങ്ങുമ്പോൾ തീരങ്ങളിൽ ഉൽസവപ്രതീതിയാണ് ഉണരുന്നത്. ഇതോടൊപ്പം മദ്രസകളിൽ കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിപുലമായ കലാ-സാഹിത്യ മത്സരങ്ങളും നബിദിന പ്രസംഗങ്ങളും വളരെ ആവേശത്തോടെയാണ് സംഘടിപ്പിക്കുന്നത്.സാഹചര്യങ്ങളുടെ പരിമിതികൾക്കിടയിലും, പ്രവാചകൻ മുഹമ്മദ് നബി ലോകത്തിന് കാണിച്ചുതന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ ദിനത്തിൽ ദ്വീപുവാസികൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. രോഗികൾക്കും ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും സഹായങ്ങൾ എത്തിക്കാൻ മത സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും പ്രത്യേക താല്പര്യം കാണിക്കുന്നു. ഓരോ വീടുകളിലും മൗലൂദ് പാരായണങ്ങൾ നടക്കും. മദ്രസകളിൽ പൊതുജനങ്ങൾക്കായി ഒരുക്കുന്ന ‘ സദ്യ’ ദ്വീപിലെ മുഴുവൻ മനുഷ്യരെയും ഒരേ പന്തിയിൽ ഒരുമിച്ചിരുത്തുന്ന വലിയൊരു സൗഹാർദ്ദ വേദിയായി മാറാറുണ്ട്. പരസ്പര സ്നേഹവും സഹിഷ്ണുതയും നഷ്ടപ്പെടുന്ന ആധുനിക സമൂഹത്തിൽ ശത്രുക്കളോട് പോലും ക്ഷമിക്കാനും, അയൽക്കാരന്റെ വിശപ്പറിയാനും പഠിപ്പിച്ച പ്രവാചകന്റെ ഉദാത്തമായ മാതൃകകൾ ജീവിതത്തിൽ പകർത്താൻ ഓരോ നബിദിനവും വിശ്വാസികളെ ശക്തമായി ഓർമ്മിപ്പിക്കുന്നു. പരിമിതമായ ചുറ്റുപാടുകളിലും മാനവികതയുടെയും അഖണ്ഡതയുടെയും സന്ദേശം കടലിരമ്പങ്ങളെക്കാൾ ഉച്ചത്തിൽ വിളിച്ചോതിക്കൊണ്ടാണ് ദ്വീപുകളിൽ വീണ്ടുമൊരു മീലാദ് കാലം കടന്നുപോകുന്നത്.
താജുദ്ധീൻ റിസ് വി
(പ്രസിഡന്റ് മുസ്ലിം ജമാഅത്ത്, കിൽത്താൻ)
