കവരത്തി: ലക്ഷദ്വീപിലെ എല്ലാ വിഭാഗം വൈദ്യുതി ഉപഭോക്താക്കൾക്കും ഊർജ്ജ സംരക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വൈദ്യുതി വകുപ്പ്. 2001-ലെ ഊർജ്ജ സംരക്ഷണ നിയമത്തിന്റെയും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ (BEE) പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് നിർദ്ദേശങ്ങൾ.
ഡീസൽ അധിഷ്ഠിത ഒറ്റപ്പെട്ട വൈദ്യുതി സംവിധാനവും വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും കണക്കിലെടുത്ത് എല്ലാ ഉപഭോക്താക്കളും വൈദ്യുതി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടു. വൈദ്യുതി പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യരുതെന്നും ഉപയോഗത്തിലില്ലാത്ത ലൈറ്റുകൾ, ഫാനുകൾ, മറ്റ് വൈദ്യുതോപകരണങ്ങൾ എന്നിവ ഓഫ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 6 മുതൽ 10 വരെയും ഉള്ള പീക്ക് സമയങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ അനാവശ്യ പ്രവർത്തനം ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുകയും വൈദ്യുതോപകരണങ്ങൾ കൃത്യമായി പരിപാലിക്കുകയും ചെയ്യണമെന്നും വകുപ്പ് വ്യക്തമാക്കി.
വാണിജ്യ ഉപഭോക്താക്കൾക്ക് പ്രത്യേകിച്ച് കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. കൃത്യമായ ആവശ്യമില്ലാതെ പ്രവൃത്തി സമയത്തിന് ശേഷവും ലൈറ്റുകളും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ പാടില്ല. വൈദ്യുതിയുടെ ദുരുപയോഗം കണ്ടെത്തിയാൽ 2003-ലെ ഇലക്ട്രിസിറ്റി ആക്ടും നിലവിലുള്ള JERC ഇലക്ട്രിസിറ്റി സപ്ലൈ കോഡ്/റെഗുലേഷനുകളും പ്രകാരം പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. നിയമലംഘനമോ അനാവശ്യ വൈദ്യുതി ഉപയോഗമോ ഉണ്ടായാൽ വൈദ്യുതി വിച്ഛേദിക്കുന്ന നടപടിയും സ്വീകരിക്കാമെന്ന് മുന്നറിയിപ്പുണ്ട്.
എല്ലാ സർക്കാർ വകുപ്പുകളും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വാണിജ്യ ഉപഭോക്താക്കൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടു. ഗാർഹിക ഉപഭോക്താക്കൾ ഊർജ്ജ സംരക്ഷണത്തിനും വൈദ്യുതി ഗ്രിഡിന്റെ സ്ഥിരതയ്ക്കുമായി നിർദ്ദേശങ്ങൾ പിന്തുടരണമെന്നും അഭ്യർത്ഥിച്ചു.
ലക്ഷദ്വീപിൽ ഊർജ്ജക്ഷമതയും സുസ്ഥിര ഊർജ്ജ പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കുലർ പുറത്തിറക്കിയത്. 2026 ഏപ്രിൽ 7-ന് പുറത്തിറക്കിയ സർക്കുലർ, സെക്രട്ടറി (പവർ) നൽകിയ ഡയറി നമ്പർ 837, ഏപ്രിൽ 3-ലെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് പുറപ്പെടുവിച്ചിരിക്കുന്നത്. LEDA (Lakshadweep Energy Development Agency) ഊർജ്ജ സംരക്ഷണ നടപടികളുടെ ഏകോപനവും നിരീക്ഷണവും പ്രോത്സാഹനവും നിർവഹിക്കും.
