കൊച്ചി: ലോകത്തെവിടെയും ഇല്ലാത്ത നിയമങ്ങളും ചട്ടങ്ങളുമാണ് ലക്ഷദ്വീപ് കപ്പൽ ബോർഡിംങ്ങിലും ടിക്കറ്റ് സംവിധാനത്തിലുമെന്നാണ് അന്ത്രോത്ത് സ്വദേശി ശൈഖിനവീട് ശംസുദ്ധീൻ തങ്ങൾ തൻ്റെ അനുഭവത്തിലൂടെ പങ്ക് വെക്കുന്നത്. 29 / 07 / 2026 ന് പുറപ്പെടുന്ന എം. വി. ലഗൂൺ കപ്പലാണ് ശംസുദ്ധീൻ തങ്ങൾക്ക് കൺഫേം ടിക്കറ്റ് കിട്ടിയത്. 3 .30 മണി മുതൽ 4 മണിവരെയാണ് ബോർഡിംങ്ങ് ടൈം. തിരൂരിൽ നിന്നും വണ്ടി വരാൻ അരമണിക്കൂർ വൈകി. അതോടെ മനസ്സമാധാനം നഷ്ടപ്പെട്ട അദ്ദേഹം കാര്യങ്ങൾ തിരക്കാൻ പോർട്ട് അധികൃതരുടെ പല നമ്പറിലേക്കും വിളിച്ച് നോക്കി. റസ്പോൺസ് ചെയ്യുന്ന ഒരു നമ്പർ പോലുമില്ലായിരുന്നു. മകളുടെ അഡ്മിഷൻ ആവശ്യങ്ങൾക്കായി വൻകയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് തന്നെ അന്ത്രോത്തിലെത്തേണ്ടതുണ്ടായിരുന്നു. ബോർഡിംങ്ങ് ടൈം കഴിഞ്ഞ് 20 മിനുറ്റ് വൈകിയാണ് സ്‌കാനിംങ്ങ് സെൻ്ററിൽ എത്തിയത്. ടിക്കറ്റും മറ്റെല്ലാ രേഖകളും കാണിച്ചിട്ടും കയറാൻ അനുമതി കിട്ടിയില്ല. വെൽഫയർ ഓഫീസർ എന്ന പേരിൽ ഒരുദ്യോഗസ്ഥൻ സ്‌കാനിംങ്ങ് സെൻ്ററിൽ ഉണ്ടെങ്കിലും സാധാരണക്കാരായ ദ്വീപു യാത്രക്കാർക്ക് അവരുടെ പ്രായാസങ്ങൾ ഉണർത്താൻ കിട്ടാത്തവിധം അയാൾ അകത്തെവിടെയെങ്കിലുമായിരിക്കും.
കപ്പൽ കയറാൻ പോയ ഒരു പിതാവിൻ്റെയും മക്കളുടെയും അനുഭവം അതിലും ഭീകരമാണ്. പിതാവിനും മാതാവിനും എങ്ങനെയോ ടിക്കറ്റ് കിട്ടി. ഇളയ പെൺകുട്ടിക്കും ആൺകുട്ടിക്കും ടിക്കറ്റ് കിട്ടിയില്ല. നോ ഷോയിൽ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് അവർ. ഉമ്മയും ഉപ്പയും ടിക്കറ്റ് ചെക്കിംങ്ങ് കഴിഞ്ഞ് അകത്തായി. മെൻസസുള്ള മകളെ ഒന്ന് ബാത്റൂമിൽ ആക്കാൻ പോലും കഴിയാതെ ഉമ്മ അകത്ത് പെട്ട് പോയി. അവസാനം നോ ഷോ കഴിഞ്ഞപ്പോൾ ടിക്കറ്റില്ല. ടിക്കറ്റുള്ള ഉമ്മക്കും ഉപ്പക്കും കൂടി കപ്പലിൽ കയറാതെ ലോഡ്ജിലേക്ക് മടങ്ങേണ്ടിവന്നു. യാത്രക്കാരൻ്റെ വെൽഫയർ നോക്കാനിരിക്കുന്ന വെൽഫയർ ഓഫീസറും കപ്പലോടിക്കാനിരിക്കുന്ന ഏമാൻമാരും ദ്വീപുകാരുടെ ക്ഷേമമന്വേഷിച്ച് പരിഹാരം കാണാത്ത പക്ഷം ജനങ്ങൾ തന്നെ രംഗത്തിറങ്ങി സമരം ചെയ്യേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്.
