വളാഞ്ചേരിയിൽ വൻ ലഹരി വേട്ട; ലക്ഷദ്വീപ് സ്വദേശികളടക്കം നാല് പേർ പിടിയിൽ



വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി കാവുംപുറത്തെ വാടകവീട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ വൻ ലഹരി ശേഖരം പിടികൂടി. ഏകദേശം 43 ഗ്രാം എംഡിഎംഎ, നാല് കിലോഗ്രാമിലധികം കഞ്ചാവ്, മൂന്ന് കിലോഗ്രാം തിമിംഗലച്ചർദ്ദി എന്നിവയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് അമിനി സ്വദേശികളായ മുഹമ്മദ് റാഷിദ്,  ഹുസ്നി മുബാറക്ക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ നാലാമതൊരാൾക്കും പങ്കുണ്ടെന്നാണ് വിവരം.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാവുംപുറത്തെ വാടകവീട്ടിൽ പരിശോധന നടത്തിയത്. ഇവർ വീട് വാടകയ്ക്കെടുത്ത് ഇവിടെ താമസിച്ചുവരികയായിരുന്നു. വീട് കേന്ദ്രീകരിച്ച് കഞ്ചാവ്, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പന നടന്നിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിനിടെയാണ് വാടകവീട്ടിൽ ലഹരി ശേഖരമുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് വളാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും കൂടാതെ തിമിംഗലച്ചർദ്ദിയും കണ്ടെത്തിയത്.

പിടികൂടിയ വസ്തുക്കളുടെ ഉറവിടവും വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വളാഞ്ചേരി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *