കവരത്തി: തേങ്ങയും തെങ്ങോലയും വീണ് റോഡ് അപകടങ്ങൾ ഉണ്ടാകുന്നു എന്ന കാരണത്തിന്റെ പേരിൽ ലക്ഷദ്വീപിലെ തെങ്ങുകൾ മുറിച്ചുമാറ്റുന്ന ഭരണകൂട നടപടിക്കെതിരെ ചോദ്യങ്ങളുയരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തെങ്ങ്, തെങ്ങോല, തേങ്ങ എന്നിവ വീണ് റോഡ് അപകടങ്ങൾ ഉണ്ടായതായി രേഖകളില്ലെന്ന് ലക്ഷദ്വീപ് പോലീസിന്റെയും റോഡ് ട്രാൻസ്പോർട്ട് വകുപ്പിന്റെയും RTI മറുപടികളാണ് വ്യക്തമാക്കുന്നത്.
കവരത്തി സ്വദേശിയായ എം.പി. ചെറിയക്കോയ നൽകിയ RTI അപേക്ഷയ്ക്ക് ലക്ഷദ്വീപ് പോലീസ് 2026 ആഗസ്റ്റ് 6-ന് നൽകിയ മറുപടിയിൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലക്ഷദ്വീപിലെ ഒരു പോലീസ് സ്റ്റേഷനിലും തെങ്ങ്, തെങ്ങോല, തേങ്ങ എന്നിവ വീണ് ഇരുചക്ര, മുച്ചക്ര, നാലുചക്ര വാഹന യാത്രക്കാർക്കോ കാൽനടയാത്രക്കാർക്കോ അപകടമുണ്ടായതായി റിപ്പോർട്ട് ചെയ്യുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
ഇതേ അപേക്ഷയ്ക്ക് റോഡ് ട്രാൻസ്പോർട്ട് വകുപ്പ് 2026 ജൂലൈ 30-ന് നൽകിയ മറുപടിയിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരത്തിലുള്ള അപകടങ്ങളൊന്നും വകുപ്പിൽ റിപ്പോർട്ട് ചെയ്യുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റോഡ് അപകടങ്ങളുടെ ആദ്യ റിപ്പോർട്ടിംഗ് അതോറിറ്റി പോലീസ് വകുപ്പാണെന്നും അപകടത്തിലെ മരണം, പരിക്ക് തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട മെഡിക്കൽ വകുപ്പിൽ നിന്ന് ലഭിക്കാമെന്നും റോഡ് ട്രാൻസ്പോർട്ട് വകുപ്പ് വ്യക്തമാക്കുന്നു.
എന്നാൽ, ഇത്തരത്തിലുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന വാദം ഉയർത്തി കഴിഞ്ഞ കുറച്ചു കാലങ്ങളായി ലക്ഷദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് അരികിൽ തെങ്ങുകൾ മുറിച്ചുമാറ്റുന്ന നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി തെങ്ങുടമകൾ ചൂണ്ടിക്കാട്ടുന്നു. പല സാഹചര്യങ്ങളിലും ഉടമകൾക്ക് യാതൊരു തരത്തിലുള്ള നഷ്ടപരിഹാരവും നൽകാതെയാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള തെങ്ങുകൾ പോലും മുറിച്ചുമാറ്റുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.
അപകടം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് അംഗീകരിക്കാവുന്നതാണെങ്കിലും, അത്തരത്തിലുള്ള അപകടങ്ങളുടെ ഔദ്യോഗിക രേഖകൾ തന്നെ ഇല്ലെന്ന് രണ്ട് പ്രധാന വകുപ്പുകളുടെ RTI മറുപടികൾ വ്യക്തമാക്കുന്ന സാഹചര്യത്തിൽ, തെങ്ങുകൾ മുറിച്ചുമാറ്റുന്നതിനുള്ള മാനദണ്ഡമെന്താണ്, ഉടമകൾക്ക് നഷ്ടപരിഹാരം നൽകാത്തതിന്റെ കാരണം എന്താണ് തുടങ്ങിയ ചോദ്യങ്ങൾക്ക് ഭരണകൂടം വ്യക്തമായ മറുപടി നൽകേണ്ടതുണ്ട്.
ഒരു വശത്ത് അപകടങ്ങളുടെ രേഖകളില്ലെന്ന് ഔദ്യോഗിക മറുപടികൾ വ്യക്തമാക്കുമ്പോൾ മറുവശത്ത് അതേ കാരണത്തിന്റെ പേരിൽ തെങ്ങുകൾ മുറിച്ചുമാറ്റുന്നത് തമ്മിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ പ്രതിഷേധം ശക്തമാകുന്നത്. തെങ്ങുകൾ മുറിച്ചുമാറ്റുന്നതിന് മുമ്പ് ഉടമകൾക്ക് നോട്ടീസ് നൽകുന്നുണ്ടോ, അപകടസാധ്യത വിലയിരുത്തുന്നതിനുള്ള ശാസ്ത്രീയ മാനദണ്ഡം എന്താണ്, മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥയുണ്ടോ തുടങ്ങിയ കാര്യങ്ങളിലും ഭരണകൂടം വിശദീകരണം നൽകണമെന്ന ആവശ്യം ഉയരുന്നു.
