ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ പിൻവലിക്കണം; അമിത് ഷായോട് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി



ന്യൂഡൽഹി, ഓഗസ്റ്റ് 21: ലക്ഷദ്വീപിലെ പുതിയ ഭരണപരമായ ചട്ടങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലക്ഷദ്വീപിലെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നതെന്നും പുതിയ ചട്ടങ്ങളിലൂടെ അവരുടെ ഭൂമിയും ഉപജീവനമാർഗങ്ങളും സംസ്കാരവും തകർന്നുപോകുന്ന സാഹചര്യമാണെന്നും കത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപിലെ ഭൂരിഭാഗം ജനങ്ങളും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണെന്നും ഭൂമി അവരുടെ വ്യക്തിത്വത്തിന്റെയും ഉപജീവനത്തിന്റെയും പ്രധാന അടിത്തറയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭരണകൂടത്തിന് സ്വകാര്യ ഭൂമി ഏറ്റെടുക്കാനും ഭൂമിയുടെ ഉപയോഗം നിയന്ത്രിക്കാനും പുതിയ ചട്ടങ്ങൾ അധികാരം നൽകുന്നതായി രാഹുൽ ഗാന്ധി ആരോപിച്ചു. സ്വന്തം ഭൂമിയിൽ വീടുകൾ നിർമ്മിക്കുന്നതിൽ കുടുംബങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം പട്ടികവർഗക്കാർക്ക് സംരക്ഷിതമായ ഭൂമി വ്യവസായ ആവശ്യങ്ങൾക്കായി തുറന്നുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങൾ തകർത്തുകൊണ്ടാണ് ഈ ചട്ടങ്ങൾ നടപ്പാക്കുന്നതെന്നും ജനങ്ങളുമായി മതിയായ കൂടിയാലോചന നടക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു. വർഷങ്ങളായി പഞ്ചായത്തുകൾ പ്രവർത്തനരഹിതമായ അവസ്ഥയിലാണെന്നും അതിനാൽ ജനങ്ങളുടെ അഭിപ്രായം ഫലപ്രദമായി ഉയർത്തിക്കാട്ടാൻ കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്നും നിയമിതനായ അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിന്റെ ഏക ഭരണാധികാരിയായി മാറിയിരിക്കുകയാണെന്നും കത്തിൽ ആരോപണമുണ്ട്.

ലക്ഷദ്വീപിലെ ജനങ്ങളും ദ്വീപുകളുടെ സവിശേഷമായ പരിസ്ഥിതിയും മറ്റാരുടെയെങ്കിലും പദ്ധതികൾക്ക് തടസ്സമായി മാത്രം കാണാൻ പാടില്ലെന്നും രാഹുൽ ഗാന്ധി കത്തിൽ വ്യക്തമാക്കി. നിലവിലെ നടപടികൾ അടിയന്തരമായി പിൻവലിക്കണമെന്നും നിർബന്ധിതമായ നടപ്പാക്കൽ നിർത്തിവെക്കണമെന്നും അദ്ദേഹം അമിത് ഷായോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ ജനങ്ങളുടെയും അവരുടെ പ്രതിനിധികളുടെയും പൂർണ്ണ സമ്മതത്തോടെയും കൂടിയാലോചനയോടെയും മാത്രമേ പുതിയ ചട്ടങ്ങൾ രൂപീകരിക്കാവൂ എന്നും കത്തിൽ ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സയീദിന്റെയും കവരത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. ഉമ്മറിന്റെയും റെപ്പ്റ സെൻ്റേഷനുകൾ കത്തിനൊപ്പം സമർപ്പിച്ചതായും ആഭ്യന്തര മന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *