കടമത്ത് പുതിയ ബിരുദ കോഴ്‌സുകളുടെ ക്ലാസുകൾ ഉടൻ ആരംഭിക്കണം; ഇന്ത്യൻ യൂത്ത് കോൺഗ്രസ്



കടമത്ത്: Government College of Arts & Science, Kadmat-ൽ പുതുതായി ആരംഭിച്ച B.Sc. Computer Science (Honours), BBA (Tourism) എന്നീ ബിരുദ കോഴ്‌സുകളുടെ പ്രവേശന നടപടികളും ക്ലാസുകളും അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് കടമത്ത് ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫീഹുൽ ആലം കെ.എം. പോണ്ടിച്ചേരി സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് അയച്ചു.

ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച പുതിയ കോഴ്‌സുകളിലേക്കുള്ള കൗൺസലിംഗ്, തിരഞ്ഞെടുപ്പ് നടപടികൾ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഏകദേശം ഒരു മാസം മുമ്പ് പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇതുവരെ പ്രവേശന നടപടികൾ പൂർത്തിയാക്കുകയോ ക്ലാസുകൾ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പോണ്ടിച്ചേരി സർവകലാശാലയുടെ 2026–27 അക്കാദമിക് കലണ്ടർ പ്രകാരം ഒന്നാം വർഷ ബിരുദ കോഴ്‌സുകളുടെ അക്കാദമിക് സെഷൻ ഇതിനകം ആരംഭിച്ച സാഹചര്യത്തിൽ, തുടർച്ചയായ കാലതാമസം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

കൗൺസലിംഗ് വഴി ഈ കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ മറ്റു കോളേജുകളിൽ മറ്റ് കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ടവരിൽ പലരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ ലക്ഷദ്വീപിന് പുറത്തുള്ള സ്ഥാപനങ്ങളിൽ പഠനം തുടരുന്നത് സാമ്പത്തികമായി പ്രയാസകരമായേക്കാമെന്നും കത്തിൽ പറയുന്നു.

ഈ സാഹചര്യത്തിൽ പോണ്ടിച്ചേരി സർവകലാശാല വൈസ് ചാൻസലർ അടിയന്തരമായി ഇടപെട്ട് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റിനും ബന്ധപ്പെട്ട അധികാരികൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും, പ്രവേശന നടപടികൾ ഉടൻ പൂർത്തിയാക്കി ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് (ഓണേഴ്‌സ്), ബി.ബി.എ. (ടൂറിസം) ക്ലാസുകൾ യാതൊരു കാലതാമസവും കൂടാതെ ആരംഭിക്കണമെന്നും മുഹമ്മദ് ഷഫീഹുൽ ആലം കെ.എം. ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവി സംരക്ഷിക്കുന്നതിനായി വിഷയം അടിയന്തരമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *