ന്യൂഡൽഹി: ലക്ഷദ്വീപ് എക്സൈസ്
റെഗുലേഷൻ 2026 പുനഃപരിശോധിച്ച് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഹംദുള്ള സഈദ് നൽകിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷദ്വീപ് ഭരണകൂടത്തിന് കൈമാറി.
രാഷ്ട്രപതി ദ്രൗപദി മുർമുവിന് CPGRAMS പോർട്ടൽ വഴി സമർപ്പിച്ച പരാതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. പരാതി പരിശോധിച്ച് ഉചിതമായ മറുപടി നൽകണമെന്ന് അണ്ടർ സെക്രട്ടറി എസ്.കെ. സുധാകർ ലക്ഷദ്വീപ് ഭരണകൂടത്തോട് നിർദേശിച്ചു.
ജനങ്ങളുമായോ ഗ്രാമസഭകളുമായോ കൂടിയാലോചന നടത്താതെയാണ് പുതിയ എക്സൈസ് റെഗുലേഷൻ നടപ്പാക്കിയതെന്ന് എം.പി. പരാതിയിൽ ചൂണ്ടിക്കാട്ടി. 1979 മുതൽ നിലവിലുണ്ടായിരുന്ന മദ്യനിരോധന നിയമം ദ്വീപിന്റെ സാമൂഹിക അന്തരീക്ഷവും പരമ്പരാഗത മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ റെഗുലേഷൻ ലക്ഷദ്വീപിലെ പട്ടികവർഗ ജനവിഭാഗത്തിന്റെ സാംസ്കാരിക വ്യക്തിത്വത്തിനും സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തിനും ഭീഷണിയാകുമെന്നും സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ എന്നിവരെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയിൽ പറയുന്നു.
പരിസ്ഥിതി പ്രാധാന്യമുള്ള ലക്ഷദ്വീപിൽ ടൂറിസം വികസനത്തിന് മദ്യലഭ്യത അനിവാര്യമല്ലെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 47-ന്റെ തത്വങ്ങൾക്ക് വിരുദ്ധമായ പുതിയ റെഗുലേഷൻ പിൻവലിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
വിഷയം പരിശോധിച്ച് പരാതിക്കാരന് നേരിട്ട് മറുപടി നൽകാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷദ്വീപ് ഭരണകൂടത്തോട് നിർദേശിച്ചിരിക്കുന്നത്.
