കവരത്തി: ലക്ഷദ്വീപിലേക്ക് ചരക്കുമായി എത്തുന്ന സ്വകാര്യ ചരക്ക് കപ്പലുകൾക്ക് സെയിലിംഗ് പെർമിഷൻ നിർബന്ധമാക്കി. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പോർട്ട്, ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പ് പുറത്തിറക്കിയ സെയിലിംഗ് പെർമിഷൻ ഫോമിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്.
പെർമിഷനിൽ സ്വകാര്യ ചരക്ക് കപ്പലിന്റെ രജിസ്ട്രേഷൻ നമ്പർ, കപ്പൽ എത്തുന്ന ലക്ഷദ്വീപിലെ ദ്വീപുകളുടെ പേര്, പ്രതീക്ഷിക്കുന്ന എത്തിച്ചേരൽ തീയതി, പുറപ്പെടുന്ന തീയതി എന്നിവ രേഖപ്പെടുത്തണം.
കപ്പലിൽ കൊണ്ടുവരുന്ന ചരക്കുകളുടെ പേര്, അളവ് (മെട്രിക് ടണ്ണിൽ) എന്നിവയും പ്രത്യേകം നൽകേണ്ടതുണ്ട്. ഓരോ ചരക്ക് ഇനത്തിന്റെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക പട്ടികയും ഫോമിൽ നൽകിയിട്ടുണ്ട്.
പോർട്ട്, ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ ഡയറക്ടറാണ് സെയിലിംഗ് പെർമിഷൻ അനുവദിക്കുന്നത്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്കുള്ള സ്വകാര്യ ചരക്ക് കപ്പലുകളുടെ വരവും പോകലും ചരക്ക് വിവരങ്ങളും കൂടുതൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.
ലഭ്യമായ ഫോമിൽ പെർമിഷൻ നൽകുന്നതിനുള്ള അടിസ്ഥാന വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി, ഫീസ്, മറ്റ് നടപടിക്രമങ്ങൾ തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ ഇതിൽ വ്യക്തമാക്കിയിട്ടില്ല.
