കവരത്തി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗ് ക്രമക്കേട് കേസിൽ അറസ്റ്റിലായ ആദ്യ മൂന്ന് പ്രതികൾക്ക് ആന്ത്രോത്ത് Judicial First Class Magistrate കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ആരോപിക്കപ്പെട്ടിരിക്കുന്നത് BNS സെക്ഷൻ 112, 318(4), 319(2) എന്നിവയും Information Technology Act-ലെ Section 66D ഉം പ്രകാരമാണ്.
കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത Crime No. 7/2026 കേസിൽ, IRCTCയുടെ ഔദ്യോഗിക പോർട്ടൽ വഴി ലക്ഷദ്വീപ് കപ്പൽ ടിക്കറ്റുകൾ പുറത്തിറങ്ങുന്ന ഉടൻ ബോട്ട്, ഓട്ടോ ഫിൽ സിസ്റ്റം, ബ്രൗസർ എക്സ്റ്റൻഷൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്ത് പിന്നീട് ഉയർന്ന നിരക്കിൽ വിൽപ്പന നടത്തിയെന്നതാണ് പ്രോസിക്യൂഷന്റെ ആരോപണം.
എന്നാൽ പ്രതിഭാഗം വാദിച്ചത് പ്രതികൾക്കെതിരെ നിയമപരമായി അംഗീകരിക്കാവുന്ന തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും അറസ്റ്റ് നടപടികളിൽ ഗുരുതരമായ നിയമലംഘനങ്ങൾ ഉണ്ടായെന്നുമാണ്. BNSS Section 35(3) പ്രകാരം നിർബന്ധമായ അറസ്റ്റിന് മുൻപുള്ള നോട്ടീസ് നൽകാതിരിക്കുകയും, അറസ്റ്റ് ആവശ്യകത തെളിയിക്കുന്ന ചെക്ക്ലിസ്റ്റ് ഹാജരാക്കാതിരിക്കുകയും, അറസ്റ്റ് കാരണം എഴുത്തുപരമായി അറിയിക്കാതിരിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി.
Arnesh Kumar vs State of Bihar ഉൾപ്പെടെയുള്ള സുപ്രീം കോടതി വിധികൾ കോടതി പരിഗണിച്ചു. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ പ്രതികളെ തുടര്‍ന്നും കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജാമ്യ വ്യവസ്ഥകൾ പ്രകാരം പ്രതികൾ ₹25,000 രൂപയുടെ ബോണ്ടും രണ്ട് സോൾവന്റ് ഷ്യൂരിറ്റികളും സമർപ്പിക്കണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകളിൽ ഇടപെടരുത്, കൂടാതെ അന്വേഷണ കാലയളവോ രണ്ടുമാസമോ കഴിയുന്നത് വരെ കോടതി അനുമതിയില്ലാതെ കവരത്തി ദ്വീപ് പരിധി വിടരുത്.
പ്രതികൾക്കായി Lakshadweep Law Chambers-നെ പ്രതിനിധീകരിച്ച് അഡ്വ. കോയ അറഫാ മിറാജ്, മുഖ്ത്യാർ കെ.ബി., അസ്ഥർ ഖാൻ, അഡ്വ. സബീഹ് അമാൻ, സഹ അഭിഭാഷകരായ അഡ്വ. വി. മനോജ്, അഡ്വ. ആദർശ് മനോജ് എന്നിവർ ഹാജരായി.
