കവരത്തി: ലക്ഷദ്വീപിലെ പട്ടികവർഗക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭൂമി ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി ലക്ഷദ്വീപ് ഭരണകൂടം പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നു. ‘ദ ലക്കഡീവ്, മിനിക്കോയ് ആൻഡ് അമിൻദിവി ഐലൻഡ്‌സ് (പ്രൊട്ടക്ഷൻ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ്) ഭേദഗതി റഗുലേഷൻ 2026’ എന്ന കരട് നിയമമാണ് ഭരണകൂടം മാറ്റം വരുത്താനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലക്ഷദ്വീപിലെ കാർഷിക ഭൂമി കൈമാറ്റം ചെയ്യുന്നതിന് കർശന നിയന്ത്രങ്ങളാണ് നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതിൽ തദ്ദേശീയരായ ജനങ്ങൾ തമ്മിൽ തമ്മിൽ ഭൂമി കൈമാറ്റം ചെയ്യുന്നതും കുടുംബ സ്വത്ത് ഭാഗിക്കുന്നതുമടക്കം കലക്ടറുടെ അനുമതിയോടെയേ ഈ നിയമം നടപ്പിലായാൽ നടത്താൻ പറ്റൂ. മുഴുവൻ ജനങ്ങളും പട്ടിക ജാതി വിഭാഗക്കാർ താമസിക്കുന്ന ഒരു സ്ഥലത്ത് അവർ തമ്മിലുള്ള ഭൂമി കൈമാറ്റത്തിൽ ഗവൺമെൻ്റ് ഇടപെടുന്നതിൽ ദുരൂഹതയുണ്ട്. അത് മാത്രമല്ല കാർഷികാവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന കോ – ഓപ്പറേറ്റീവ് സ്ഥാപനങ്ങൾക്കോ, ബാങ്കുകൾക്കോ കൈമാറുന്നതിന് തടസ്സമില്ല എന്ന് പറയുന്നു. ഈ കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങളോ ബാങ്കുകളോ ദ്വീപിലെ തദ്ദേശിയർ ഉൾക്കൊള്ളുന്നതോ , ഇവിടത്തുകാർ നടത്തുന്നതോ ആയിരിക്കണം എന്ന് പറയുന്നില്ല. അങ്ങനെ വരുകിൽ ദ്വീപിലല്ലാത്ത കാർഷികാവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളും ബാങ്കുകളും കാർഷികാവശ്യങ്ങൾ പറഞ്ഞു ദ്വീപിലെ സ്വത്ത് കൈയ്യടക്കാൻ ശ്രമിച്ച് കൂടായ്കയില്ല. മാത്രമല്ല വൻകരയിൽ ഇങ്ങിനെ കാർഷികാവശ്യങ്ങൾ പറഞ്ഞ് ഭൂമി കയ്യേറുകയും അത് വകമാറ്റി മറ്റു പലതുമാക്കി മാറ്റിയ സംഭവങ്ങൾ ധാരാളം നടന്നിട്ടുമുണ്ട്.
കടമത്തിൽ കൺസ്ട്രക്ഷൻ ആവശ്യങ്ങൾക്കായി വന്ന ഒരു ഗുജ്റാത്ത് കമ്പനി അവിടത്തെ ഒരു ഭൂമി വാങ്ങി കൈവശം വെച്ചിരിക്കുന്നു എന്ന വാർത്ത കൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഷെഡ്യൂൾ ട്രൈബിൻ്റെ അവകാശം സംരക്ഷിക്കാനാണെന്ന് പറഞ്ഞ് നടത്തുന്ന ഇത്തരം നീക്കങ്ങളെ ഗൗരവത്തോടെ കാണണമെന്ന് അമിനിയിലെ നാടക പ്രവർത്തകൻ മൂസ ഉവ്വ ദ്വീപു ഡയറിയോട് പറഞ്ഞു. വളരെ തുച്ഛമായ ഭൂമിയുള്ള ലക്ഷദ്വീപിൽ പുറമേ നിന്നുള്ള വൻകിട കമ്പനികളും കോർപ്പറേറ്റുകളും ഭൂമി വാങ്ങി തുടങ്ങിയാൽ തദ്ദേശിയരായ ജനത നാടുവിട്ടു പോകേണ്ടി വരുമെന്നും ഇത്തരം ഗൂഡമായ ഉദ്ദേശങ്ങളെ ഒത്തൊരുമയോടെ നിന്ന് ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
