കവരത്തി: ലക്ഷദ്വീപ് നിവാസികളുടെയും വിനോദസഞ്ചാരികളുടെയും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വിവിധ ദ്വീപുകളിൽ സീപ്ലെയിൻ പരീക്ഷണ പറക്കൽ നടത്താൻ തീരുമാനം. പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പ് പുറത്തിറക്കിയ അറിയിപ്പുപ്രകാരം മെയ് 10 മുതൽ 12 വരെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകൾ നടക്കുക. മെയ് 10-ന് അഗത്തിയിൽ രാവിലെ 11 മണിക്ക് വിമാനം എത്തി വൈകുന്നേരം 3:30-ന് മടങ്ങും. മെയ് 11-ന് രാവിലെ 10:30-ന് കൽപ്പേനിയിൽ എത്തുന്ന വിമാനം ഉച്ചയ്ക്ക് ശേഷം 3:30-ന് കവരത്തിയിൽ നിന്ന് പുറപ്പെടും. മെയ് 12-ന് രാവിലെ 11:30-ന് കടമത്തിൽ എത്തുന്ന വിമാനം വൈകുന്നേരം 3:30-ന് കില്താനിൽ നിന്ന് യാത്ര തിരിക്കും. സ്കൈഹോപ്പ് കമ്പനിയാണ് പരീക്ഷണ പറക്കലിന് നേതൃത്വം നൽകുന്നത്. കൂടാതെ, വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ (DGCA) ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി വിമാനത്തിലുണ്ടാകും. പരീക്ഷണ പറക്കലിന്റെ ഭാഗമായി പോലീസ്, ഫയർ സർവീസ് വിഭാഗങ്ങളുമായി ഏകോപനം നടത്തി സുരക്ഷിതമായ ലാൻഡിംഗും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷണം വിജയകരമായാൽ ദ്വീപുകൾക്കിടയിലെ യാത്രാ സൗകര്യത്തിനും ലക്ഷദ്വീപിലെ ടൂറിസം മേഖലയ്ക്കും ഇത് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ.
