കപ്പൽ ടിക്കറ്റ് ഹാക്കിംഗ്; മിനിക്കോയിൽ  മൂന്ന് പേർ പിടിയിൽ

മിനിക്കോയി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ അനധികൃത ഇടപെടൽ നടത്തി ടിക്കറ്റുകൾ കൈക്കലാക്കിയെന്ന കേസിൽ  അന്വേഷണ സംഘം നടത്തിയ റെയ്ഡിൽ മിനിക്കോയിൽ  മൂന്ന് പേർ പിടിയിൽ. സെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സമീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. ഇടയാക്കൽ അസീസ് ,മുഹമ്മദ്, റുമീസാ  എന്നിവരാണ് പോലീസ് പിടിയിലായത്.

ഇന്നലെ രാത്രി നടന്ന രഹസ്യ ഓപ്പറേഷനിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പോലീസ് സംഘം സ്ഥലത്തെത്തിയതോടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെങ്കിലും ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ അത് തടയാനായതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

അന്വേഷണത്തിനിടെ ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിച്ചതായി സംശയിക്കുന്ന  80 ഓളം പ്രൊഫൈലുകളും കമ്പ്യൂട്ടർ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ  പരിശോധിക്കും. 

അറസ്റ്റിലായവരെ തുടർ നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കും. മിനിക്കോയിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നുതന്നെ കവരത്തിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കുകയും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുകയും ചെയ്യും.കവരത്തിയിൽ നിന്നുള്ള രണ്ട് പേരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.