മലയാളി ഗവേഷകയായ കെ.ബെന്ന ഫാത്തിമക്ക് വെനർ- ഗ്രെൻ ഫൗണ്ടേഷന്റെ ഡിസർട്ടേഷൻ ഫീൽഡ് വർക്ക് ഗ്രാന്റ്. ലക്ഷദ്വീപ് സമൂഹത്തിലെ മരണാനന്തര കാഴ്ചപ്പാടുകളെയും, നഷ്ടങ്ങളെയും, ജീവിത ധർമങ്ങളെയും കുറിച്ച് പഠിക്കുന്ന ‘ഐലൻഡ് ഡെത്ത്‌സ്‌കേപ്പ്: ഡെത്ത്, ലോസ് ആൻഡ് ദി എത്തിക്‌സ് ഓഫ് ലൈഫ് ഇൻ ദി ലക്ഷദ്വീപ് ആർക്കിപെലാഗോ’ എന്ന ഗവേഷണ പ്രോജക്ടിനാണ് അംഗീകാരം. 18 മാസത്തെ വംശശാസ്ത്രപരമായ ഫീൽഡ് വർക്കിനായി 25,000 യുഎസ് ഡോളർ (ഏകദേശം 25 ലക്ഷം ഇന്ത്യൻ രൂപ) ഗ്രാന്റ് വഴി ലഭിക്കും.
വടകര വില്യാപ്പള്ളി സ്വദേശിയായ ബെന്ന മുൻ സംസ്ഥാന വോളിബോൾ താരമായ സി.സി അബ്ബാസിന്റെയും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ തട്ടാംകുനിയിലിന്റെയും മകളാണ്. ഇപ്പോൾ ലക്ഷദ്വീപിൽ ഫീൽഡ് വർക്ക് ചെയ്തുവരികയാണ്. അശോക യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി ആൻഡ് ആന്ത്രോപോളജി വിഭാഗത്തിലെ ഗവേഷകയാണ് ബെന്ന.
ജീവിതവും മരണവും, രോഗവും സൗഖ്യവും, കരയും കടലും, തുറന്ന സമുദ്രവും അതിർത്തികളും, ചരിത്രവും ഭാവിയും, ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും എന്നിങ്ങനെ വിവിധ തലങ്ങൾക്കിടയിൽ ദ്വീപ് സമൂഹങ്ങൾ സാമൂഹികമായും സാംസ്‌കാരികമായും എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചുള്ള നൂതനമായ ഒരു വംശശാസ്ത്ര അന്വേഷണമാണ് ബെന്നയുടെ ഗവേഷണം വാഗ്ദാനം ചെയ്യുന്നത് എന്ന് അശോക യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി- ആന്ത്രോപോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ബെന്നയുടെ സൂപ്പർവൈസറുമായ കാൻ എവ്റൻ പറഞ്ഞു.
കടപ്പാട്: മീഡിയ വൺ
