ലക്ഷദ്വീപിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു; വിദ്യാഭ്യാസ വകുപ്പിലെ 12 പേർക്ക് കൂടി നിർബന്ധിത വിരമിക്കൽ

കവരത്തി:ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന വിവാദപരമായ നിർബന്ധിത വിരമിക്കൽ നടപടികൾ ദ്വീപ് ജനതയെയും ജീവനക്കാരെയും ഒരുപോലെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. റവന്യൂ വകുപ്പിലെ ബി.ഡി.ഓ മാരെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ, വിദ്യാഭ്യാസ വകുപ്പിലെ 12 ഉദ്യോഗസ്ഥരെ കൂടി ഫണ്ടമെന്റൽ റൂൾ (FR) 56(j) പ്രകാരം നിർബന്ധിതമായി വിരമിപ്പിച്ചു. അന്യായമായ ഈ പിരിച്ചുവിടലുകൾ ദ്വീപിന്റെ എല്ലാ മേഖലകളിലും ഭരണകൂടം നടത്തുന്ന കടന്നുകയറ്റത്തിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ്.


വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ദ്വീപുകളിൽ സേവനമനുഷ്ഠിച്ചിരുന്ന ലാബ് അസിസ്റ്റന്റ്, ഫിഷറീസ് ഇൻസ്ട്രക്ടർ (FI), മറൈൻ ഇൻസ്ട്രക്ടർ (MI), പ്രൈമറി സ്കൂൾ ടീച്ചർ (PST) എന്നീ തസ്തികകളിൽ ഉള്ളവർക്കെതിരെയാണ് പുതിയ നടപടി. അഗത്തി, കിൽത്താൻ, അമിനി, കടമത്ത്, കൽപ്പേനി, ആന്ത്രോത്ത് എന്നീ ദ്വീപുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്.

വിരമിപ്പിക്കപ്പെട്ടവർ:
1. മുഹമ്മദ് മൈഹറൂഫ് (ലാബ് അസിസ്റ്റന്റ്, ജി.എസ്.എസ്.എസ് അഗത്തി)
2. അബൂസാലാ കോയ എം (FI, ജി.എസ്.എസ്.എസ് കിൽത്താൻ)
3. തങ്ങകോയ പി (FI, അമിനി)
4. ഉമ്മർ കെ (MI, കടമത്ത്)
5. ശിഹാബുദ്ദീൻ എൻ (FI, കടമത്ത്)
6. ബദർനൂർ എ.സി (PST, കടമത്ത്)
7. അബ്ദുൽ ജബ്ബാർ പി.ഐ (MI, കൽപ്പേനി)
8. മുഹമ്മദ് സാദിഖ് കെ.ഐ (MI, കൽപ്പേനി)
9. മുഹമ്മദ് കാസിം പി (FI, ആന്ത്രോത്ത്)
10. ഹുസൈൻ എം (FI, ആന്ത്രോത്ത്)
11. യു.പി. ഷംസുദ്ദീൻ (FI, ആന്ത്രോത്ത്)
12. മുഹമ്മദ് അമീൻ എം (FT, ആന്ത്രോത്ത്)


ഭരണകൂടത്തിന്റെ സർവീസ് റിവ്യൂ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം പിരിച്ചുവിടലുകൾ ദ്വീപിലെ സർക്കാർ ജീവനക്കാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ വകുപ്പുകളിൽ സമാനമായ രീതിയിൽ ഉദ്യോഗസ്ഥരെ വിരമിപ്പിക്കാൻ സാധ്യതയുള്ളതായാണ് സൂചനകൾ.
നേരത്തെ ബി.ഡി.ഓ.മാരായ എം.കെ ചെറിയകോയ (ചെത്ത്ലത്ത്), എൻ.സി മൂസ (കൽപ്പേനി) എന്നിവരെയും ഈ നിയമപ്രകാരം പെൻഷൻ നൽകിയിരുന്നു. മൂന്ന് മാസത്തെ നോട്ടീസ് കാലയളവിന് പകരമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്.

നിശബ്ദമാക്കപ്പെട്ട സംഘടനകൾ. 

ദ്വീപ് ഭരണകൂടത്തിന്റെ ഏകപക്ഷീയമായ ഈ നടപടികൾക്കെതിരെ പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ദ്വീപിലെ ഉദ്യോഗസ്ഥ സംഘടനകൾ. ഓരോ ദിവസവും പുറത്തിറങ്ങുന്ന പുതിയ ഉത്തരവുകളിലൂടെ ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുമ്പോൾ, നിയമപരമായി നീങ്ങാൻ പോലും സാധിക്കാത്ത വിധം ഉദ്യോഗസ്ഥർ ഭയപ്പാടിലാണ്. ഭരണകൂടത്തിന്റെ വിവേചനപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നവരെ ലക്ഷ്യം വെക്കുന്ന രീതിയാണ് നിലവിലുള്ളത്.

സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും.
ദ്വീപിന്റെ സാമ്പത്തിക മേഖല നിലവിൽ കടുത്ത പിരിമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ വർഷങ്ങളോളം സർവീസിലിരുന്നവരെ പെട്ടെന്ന് പുറത്താക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വികസനത്തിന്റെ പേരിൽ ജനങ്ങളെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്ന ഇത്തരം ഉത്തരവുകൾ ഓരോ ദിവസവും ഭരണകൂടം പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്.